മുംബൈ∙ ബോംബെ ഐഐടി ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു ചാടിയ വിദ്യാർഥി മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ ബിടെക് ഒന്നാം വർഷ വിദ്യാർഥി ദർശൻ സോളങ്കിയാണ് ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത്.പതിനെട്ടുകാരന്റെ മരണം ജാതി വിവേചനത്തെത്തുടർന്നാണ് ആരോപണമുണ്ട്. എന്നാൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. ദലിത് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ക്യാംപസിൽ നിരന്തരം ജാതിവിവേചനത്തിന് ഇരയാകുന്നുവെന്ന് ഒരുവിഭാഗം വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ജാതിവിവേചനത്തെത്തുടർന്നുണ്ടായ കൊലപാതകമാണെന്ന് ആരോപിച്ച് എപിപിഎസ്‌സി (അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിൾ) രംഗത്തെത്തി. വിദ്യാർഥികളിൽനിന്നും ജീവനക്കാരിൽനിന്നും അധ്യാപകരിൽനിന്നും ദലിത് വിദ്യാർഥികൾ അപമാനവും ഉപദ്രവവും നേരിടുകയാണെന്നും എപിപിഎസ്‌സി ആരോപിച്ചു.
ആന്ധ്രാപ്രദേശിലെ ആർകെ വാലി ഐഐടിയിലും ഇന്ന് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹോസ്റ്റൽ റൂമിലാണ് 22കാരിയായ എൻജിനീയറിങ് വിദ്യാർഥി അഖിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.