തിരുവനന്തപുരം: ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസിന് ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ നിർദേശത്തെ തുടർന്നാണ് ഫയൽ പാസാക്കുന്നത് ധനവകുപ്പ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. ബജറ്റിലെ ഇന്ധന നികുതി – സെസ് നിർദേശങ്ങൾക്കെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോൺഗ്രസ് വിട്ട് ഇടതുക്യാംപിലെത്തിയ കെ.വി തോമസിന് ഓണറേറിയം കൂടി അനുവദിച്ചു കൊടുത്താൽ പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കും എന്നു മുൻകൂട്ടി കണ്ടാണ് ധനമന്ത്രി തത്കാലം ഫയൽ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കൂടി അഭിപ്രായം തേടിയ ശേഷം ഫയൽ പരിഗണിച്ചാൽ മതിയെന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.
ധനകാര്യവകുപ്പിലെ പല തരം ചർച്ചകൾക്ക് ശേഷം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയുടെ മുന്നിലെത്തിയ ഫയലിൽ അന്തിമ അനുമതിക്കായി ധനമന്ത്രിയുടെ അഭിപ്രായം തേടി. ഈ ഘട്ടത്തിലാണ് ഓണറേറിയം ഉടൻ അനുവദിക്കേണ്ടതില്ലെന്ന കർശന നിലപാട് ധനമന്ത്രി സ്വീകരിച്ചത്. ഇതോടെ കെ.വി തോമസിന്റെ ഓണറേറിയം ഫയൽ മന്ത്രി ബാലഗോപാലിന് കൊടുക്കാതെ ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സജ്ഞയ് കൗളിന് വിശ്വനാഥ് സിൻഹ മടക്കി നൽകി . ഫെബ്രുവരി 9 ന് ലഭിച്ച ഓണറേറിയം ഫയൽ എക്സ്പെൻഡിച്ചർ സെക്രട്ടറിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത്.
ദില്ലിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമതിനായ കെ.വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും കാണിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. തോമസിന്റെ കത്ത് പൊതുഭരണ വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ബാലഗോപാൽ കേരള ബജറ്റ് അവതരിപ്പിച്ച അതേ ദിവസം ഓണറേറിയം നിശ്ചയിക്കാനുള്ള ഫയൽ ധനവകുപ്പിൽ തയ്യാറായിരുന്നു.
ധനവിനിയോഗ വിഭാഗം ഈ മാസം നാലിന് ധനവകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് ഫയൽ കൈമാറി. കൗൾ പരിശോധന പൂർത്തിയാക്കി ഫെബ്രുവരി ഒൻപതിന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് അയച്ചു. തുടർന്നാണ് തനിക്ക് ഉടനെ ഫയൽ അയക്കണ്ടെന്ന മന്ത്രി ബാലഗോപാലിന്റെ നിർദ്ദേശം വന്നത്. ജനുവരി 18 ന് ചേർന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിക്കുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതൽ തനിക്ക് ഓണറേറിയം കിട്ടണമെന്നാണ് കെ.വി തോമസിൻ്റെ ഡിമാൻഡ്. പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കെ.വി തോമസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.