ന്യൂഡൽഹി: ‘ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ’ ഉൾപ്പെടാത്ത എല്ലാ പെർമനന്റ് അക്കൗണ്ട് നമ്പറുകളും (പാൻ) മാർച്ച് 31ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഏപ്രിൽ 1 മുതൽ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 2017 മേയിൽ കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് അസം, ജമ്മു കശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 1961ലെ ആദായനികുതി നിയമം പ്രകാരം പ്രവാസിയായിരിക്കുന്നവർ, കഴിഞ്ഞ വർഷം 80 വയസ്സ് തികഞ്ഞവരോ അതിൽ കൂടുതൽ പ്രായമുള്ളവരോ, ഇന്ത്യൻ പൗരർ അല്ലാത്തവർ എന്നിവരാണ് ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടുന്നത്.
പാൻ പ്രവർത്തനരഹിതമായാൽ അതുപയോഗിച്ച് വ്യക്തിക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനോ ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ പൂർത്തിയാക്കാനോ സാധിക്കില്ല. ഉയർന്ന നിരക്കിൽ നികുതി ഈടാക്കുകയും ചെയ്യും.
പാൻ കാർഡ് ആധാറുമായി എങ്ങനെ ഓൺലൈനായി ലിങ്ക് ചെയ്യാം
eportal.incometax.gov.in അല്ലെങ്കിൽ incometaxindiaefiling.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
നേരത്തെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ആദ്യം രജിസ്റ്റർ ചെയ്യുക. പാൻ നമ്പറായിരിക്കും യുസർ ഐ.ഡി.
യുസർ ഐ.ഡിയും, പാസ് വേർഡും, ജനന തിയതിയും നൽകി പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക.
പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഒരു വിൻഡോ പോർട്ടലിൽ പ്രത്യക്ഷമാകും. ലഭ്യമായില്ലെങ്കിൽ MENU ബാറിലുള്ള ‘PROFILE SETTINGS’ൽ പ്രവേശിച്ച് ‘LINK AADHAAR’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങൾ പ്രകാരം പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങൾ അവിടെ സൂചിപ്പിച്ചിരിക്കും. ആധാറിൽ പറഞ്ഞിരിക്കുന്നവ ഉപയോഗിച്ച് സ്ക്രീനിലെ PAN വിശദാംശങ്ങൾ പരിശോധിക്കുക.
വിവരങ്ങൾ തമ്മിൽ പൊരുത്തക്കേട് ഉണ്ടെങ്കിൽ ആധാറിലോ പാൻ കാർഡിലോ അത് ശരിയാക്കേണ്ടതുണ്ട്. വിശദാംശങ്ങൾ പൊരുത്തപ്പെടുന്നെങ്കിൽ നിങ്ങളുടെ ആധാർ നമ്പർ നൽകി ‘LINK NOW’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
മറ്റു മാർഗ്ഗങ്ങൾ
https://www.utiitsl.com/ , https://www.egov-nsdl.co.in/ എന്നീ വെസെറ്റുകൾ വഴിയും ആധാറുമായി പാൻകാർഡ് ലിങ്ക് ചെയ്യാവുന്നതാണ്.
UIDPAN<12 അക്ക ആധാർ നമ്പർ><10 അക്ക പാൻ> എന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചും ലിങ്ക് ചെയ്യാം.
സമീപത്തുള്ള പാൻ സേവന കേന്ദ്രം സന്ദർശിക്കാം