പെരിന്തൽമണ്ണ: പോപുലർ ഫ്രണ്ട് പ്രവർത്തകരുടേതെന്ന പേരിൽ കണ്ടുകെട്ടിയ ഭൂമിയിൽ മൂന്നുപേരുടേത് തിരിച്ചുനൽകി. വലമ്പൂർ വില്ലേജിൽ തിരൂർക്കാട് സ്വദേശിയുടെ 0.0081 ഹെക്ടർ, അങ്ങാടിപ്പുറം വില്ലേജിൽ പുത്തനങ്ങാടി സ്വദേശിയുടെ 0.890 ഹെക്ടർ, അങ്ങാടിപ്പുറം വില്ലേജിൽ പുത്തനങ്ങാടിയിലെതന്നെ 0.0145 ഹെക്ടർ എന്നിങ്ങനെയാണ് തിരികെ നൽകിയതെന്ന് പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായ അറിയിച്ചു.
പോപുലർ ഫ്രണ്ട് ഹർത്താലിൽ സർക്കാർ നഷ്ടം കണക്കാക്കി ഈടാക്കിയ കൂട്ടത്തിലാണ് ഇവരുടെ ഭൂമികൂടി ജപ്തി ചെയ്തത്. എന്നാൽ, തങ്ങൾ ഇതിൽ ഉത്തരവാദികളല്ലെന്നും തെറ്റായ വിവരങ്ങളുെട അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നും ഉടമകൾ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
ഫോറം 11 പ്രകാരമാണ് നോട്ടീസ് പതിച്ച് ജപ്തി ചെയ്തത്. ഫോറം 14 പ്രകാരം നോട്ടീസ് പതിച്ച് തഹസിൽദാറുടെ നേതൃത്വത്തിൽ വസ്തുഉടമകൾക്ക് തിരികെ നൽകി.
പെരിന്തൽമണ്ണ താലൂക്കിൽ 20 പേരുടെ സ്വത്താണ് റവന്യൂ വിഭാഗത്തിന് കണ്ടുകെട്ടാനുണ്ടായിരുന്നത്. ഇതിൽ 14 പേരുടേത് കണ്ടുകെട്ടിയിരുന്നു. തിരികെ നൽകിയ മൂന്നുപേരുടെ ഭൂമിയും ഇതിൽ വന്നിരുന്നു. ജപ്തി നോട്ടീസ് പതിച്ച ഘട്ടത്തിൽതന്നെ റവന്യൂ ഉദ്യോഗസ്ഥരെ കാര്യം ബോധിപ്പിച്ചിരുന്നെങ്കിലും ലഭിച്ച പട്ടികപ്രകാരമാണ് നടപടിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.