മസ്കിനെ ഫോളോ ചെയ്യാത്തവർക്ക് പോലും ട്വിറ്ററിൽ മസ്കിന്റെ അപ്ഡേറ്റുകൾ ലഭിക്കുന്നു. അക്കൗണ്ടിന് എന്താ പറ്റിയതെന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അക്കൗണ്ടിന് ഒന്നും പറ്റിയിട്ടില്ല. ഇന്നലെയാണ് ഈ പ്രശ്നം പലരുടെയും ശ്രദ്ധയിൽപ്പെട്ടത്.
ട്വിറ്റർ നിലവിൽ അതിന്റെ യുഐയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുകയാണ്. മസ്‌കിന്റെ പകുതി ജീവനക്കാരെയും നീക്കം ചെയ്‌തതുമുതലാണ് മിക്ക പ്രശ്‌നങ്ങളും ഉയർന്നുവരാൻ തുടങ്ങിയത്. ട്വിറ്റർ ഉപയോക്താക്കൾ മസ്‌കിന്റെ ട്വീറ്റുകളും മറുപടികളും വളരെയധികം കാണുന്നുണ്ട്.എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ ആഴ്‌ചയിൽ ട്വിറ്റർ നടപ്പിലാക്കിയ മാറ്റങ്ങളും അപ്‌ഡേറ്റുകളും കാരണമായിരിക്കാം ഇതെന്നാണ് പലരുടെയും അനുമാനം. തന്റെ 95 ശതമാനം ട്വീറ്റുകളും ഡെലിവർ ആകുന്നില്ലെന്നാണ് മസ്ക് പറയുന്നത്. “ഞാൻ ട്വീറ്റ് ചെയ്യുമ്പോൾ ഫോളോവിംഗ് ഫീഡിനായുള്ള ഫാനൗട്ട് സേവനം ഓവർലോഡ് ചെയ്യപ്പെട്ടു, അതിന്റെ ഫലമായി എന്റെ 95% ട്വീറ്റുകളും ഡെലിവറി ചെയ്യപ്പെടാതെ പോയി”അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 8-ന്, ട്വിറ്റർ ഉപയോക്താക്കൾ വ്യാപകമായ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചില ഉപയോക്താക്കൾക്ക് അവരുടെ നേരിട്ടുള്ള ചാറ്റിലേക്കുള്ള ആക്സസ് നഷ്‌ടപ്പെട്ടിരുന്നു. മറ്റുള്ളവർക്ക് “ട്വീറ്റുകൾ അയയ്‌ക്കുന്നതിനുള്ള പ്രതിദിന പരിധി കവിഞ്ഞു” എന്ന നോട്ടിഫിക്കേഷൻ ലഭിച്ചു. കൂടാതെ, ട്വീറ്റുകൾ പോസ്റ്റുചെയ്യുന്നതിനായി ഷെഡ്യൂൾ ചെയ്യാനും ആളുകൾ നിർബന്ധിതരായിരുന്നു. ഇത് തൽക്ഷണ അപ്‌ഡേറ്റുകൾക്കും വാർത്തകൾക്കുമായി ട്വിറ്ററിനെ ആശ്രയിക്കുന്ന പലരെയും ബാധിച്ചു.
സോഷ്യൽ മീഡിയ സൈറ്റിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എപിഐ) ആക്‌സസ് ചെയ്യുന്നതിന്റെ ഭാഗമായി “അടിസ്ഥാന തല”ത്തിൽ പ്രതിമാസം $100 ഈടാക്കാൻ തുടങ്ങുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചതും ആ സമയത്താണ്. പൊതു ട്വീറ്റുകൾ വിശകലനം ചെയ്യാൻ ഡെവലപ്പർമാരും ഗവേഷകരും എപിഐ ഉപയോഗിക്കുന്നുണ്ട്.സാധാരണ 280 സിംബൽസാണ് ട്വിറ്റ് ചെയ്യാനാകുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി, യുഎസ് ട്വിറ്റർ ബ്ലൂ വരിക്കാർക്കായി 4,000 സിംബൽസ് വരെ ട്വീറ്റ് ചെയ്യാനുള്ള അപ്ഡേറ്റും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.ട്വിറ്ററിൽ മുമ്പ് സൗജന്യമായിരുന്ന ഫീച്ചറുകൾക്ക് പണം ഈടാക്കാനുള്ള മസ്‌കിന്റെ നീക്കം പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന പലരെയും അലോസരപ്പെടുത്തിയിരുന്നു.ശരിയായ ആശയവിനിമയമില്ലാതെ ട്വിറ്റർ മാറ്റങ്ങൾ വരുത്തുന്നത് ഇതാദ്യമല്ല.