മലപ്പുറം : പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിൽ ഉള്ള തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30നാണ് ഇരുകക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ബാലറ്റുകൾ പരിശോധിക്കുക. വോട്ടുകളിൽ കൃത്രിമത്വം നടന്നോയെന്നറിയാൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ബാലറ്റുകൾ നേരിട്ട് പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ ആവശ്യപ്രകാരം ആയിരുന്നു നടപടി
തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു റിട്ടേണിങ് ഓഫീസര്‍ കൂടിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രിയാണെന്ന ധാരണയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്ത് എത്തിച്ച സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നെന്നാണ് വിലയിരുത്തല്‍. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ആദ്യം സൂക്ഷിച്ച പെരിന്തല്‍മണ്ണ ട്രഷറിയില്‍ തന്നെയായിരുന്നു പെരിന്തല്‍മണ്ണ ബ്ലോക്ക് തദ്ദേശ തെരഞ്ഞെടുപ്പ് വസ്തുക്കളും സൂക്ഷിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നശിപ്പിക്കാന്‍ വേണ്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്നും നിന്നും മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസിലേക്ക് മാറ്റിയത്.
അതേസമയം, അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താണ് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിലെത്തിയത്. പോസ്റ്റൽ വോട്ടിൽ ഭൂരിഭാഗം വോട്ടും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് ഹർജിക്കാരന്‍റെ വാദം. 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ നജീബ് കാന്തപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.