ഭൂകമ്പം ദുരിതം വിതച്ച മാതൃരാജ്യമായ തുർക്കിയയിൽ ദിവസവും 5000 ദുരിതബാധിതർക്ക് ഭക്ഷണം നൽകുമെന്ന് ലോകപ്രശസ്ത ഷെഫ് സാൾട്ട് ബേ. ഭക്ഷണം തയാറാക്കുന്നതിന്‍റെയും വിതരണം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തുർക്കിയയിലും സിറിയയിലും കനത്ത നാശം വിതച്ച ഭൂകമ്പത്തിൽ 38,000 പേരാണ് മരിച്ചത്. ലക്ഷക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരുള്ള തുർക്കിക്കാരൻ പാചകവിദഗ്ധനാണ് സാൾട്ട് ബേ എന്ന പേരിലറിയപ്പെടുന്ന നുസ്രത് ഗോക്ചെ. നുസ്രത് സ്റ്റീക്ക് ഹൗസ് എന്നു പേരുള്ള റസ്റ്ററന്റ് ശൃംഖല അബൂദബി, ദോഹ, ന്യൂയോർക്ക്, മിയാമി, ദുബായ്, ഇസ്റ്റംബുൾ എന്നീ നഗരങ്ങളിലുണ്ട്. ലോകപ്രശസ്തരായ പല സെലബ്രിറ്റികളും സാൾട്ട് ബേയുടെ അതിഥികളായെത്തിയിട്ടുണ്ട്. മാംസക്കഷണങ്ങൾ മൂർച്ചയേറിയ ആയുധങ്ങൾക്കൊണ്ടു തലങ്ങും വിലങ്ങും വെട്ടി കഷണങ്ങളാക്കി അതിനു മീതെ പ്രത്യേക രീതിയിൽ ഉപ്പും വിതറുന്ന ഇദ്ദേഹത്തിന്റെ വിഡിയോയ്ക്ക് ആരാധകർ ഏറെയാണ്.
അതേസമയം, തുർക്കി-സിറിയ ഭൂകമ്പം 70 ലക്ഷം കുട്ടികളെ ബാധിച്ചെന്ന് യു.എൻ ഏജൻസി യൂനിസെഫ് വ്യക്തമാക്കി. വീടുകൾ തകർന്നതോടെ കൊടും ശൈത്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ കഴിയേണ്ടിവരുന്ന കുട്ടികൾ ആരോഗ്യ പ്രതിസന്ധിയടക്കം നേരിടുന്നുണ്ടെന്ന് യൂനിസെഫ് ചൂണ്ടിക്കാട്ടി.