കോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയിലേക്ക് കടക്കും. ആശുപത്രി പരിസരത്ത് ഒരു കൂട്ടം ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. കുടുംബം ആരോപിക്കും പോലെ ആൾക്കൂട്ട വിചാരണയോ മർദ്ദനമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.
പൊലീസ് അന്വേഷണത്തിൽ മെല്ലെപോക്ക് എന്ന പരാതി ഉയർന്നതോടെ പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്ത് എഫ്ഐആറിൽ മാറ്റം വരുത്തിയിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ഡിസിപി എന്നിവരുടെ മേൽനോട്ടത്തിലാണ് സമഗ്ര അന്വേഷണം നടക്കുന്നത്.
ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു.ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.15 മീറ്റർ ഉയരമുള്ള മരത്തിൽ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.