കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലറെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈകോടതി. സ്ഥിരം വി.സിയെ നിയമിക്കാൻ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, പുതിയ ഇടക്കാല വി.സി നിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് കൈമാറാമെന്നും അറിയിച്ചു. പ്രത്യേക സാഹചര്യത്തില്‍ താൽക്കാലികമായി നിയമിക്കപ്പെട്ടതിനാല്‍ സിസ തോമസിന്റെ നിയമനം റദ്ദാക്കുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയന്റ് ഡയറക്ടർ ഡോ. സിസ തോമസിന് നൽകിയ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ നൽകിയ ഹരജി നവംബറിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയിരുന്നു. സർക്കാർ ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍, നിയമനം റദ്ദാക്കുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ചും വ്യക്തമാക്കി.
‘പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണര്‍ എടുത്ത ഒരു തീരുമാനം ആയതിനാല്‍ നിയമനം റദ്ദാക്കുന്നില്ല. അതേസമയം, കെ.ടി.യു ആക്ട് പ്രകാരം ഇടക്കാല വി.സി നിയമനത്തിനുള്ള പേരുകള്‍ നല്‍കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ക്ക് പുറത്തുനിന്നാണ് സിസ തോമസിന്റെ നിയമനം നടന്നിരിക്കുന്നത്. പുതിയ ഇടക്കാല വി.സി നിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് കൈമാറാം. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പട്ടികയാകണം ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. പട്ടിക ലഭിച്ചശേഷം ഉചിതമായ തീരുമാനം ചാന്‍സലര്‍ക്ക് കൈക്കൊള്ളാം’ -ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.