പത്തനംതിട്ട> ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും ശബരിമലയിലെയും ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വകുപ്പുകളെ ആദരിക്കുന്നതിന് ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയിലെ വാഹനപാർക്കിംഗ്, തീർഥാടകർക്കുള്ള വിവിധ സേവനങ്ങൾ എന്നിവ കൂടുതൽ മികവുറ്റതാക്കും. മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള വികസനപ്രവർത്തനങ്ങൾ നടത്തും. വരുന്ന തീർഥാടന കാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ നേരത്തെ നടത്തണം. കഴിഞ്ഞ തീർഥാടന കാലത്തെ അനുഭവങ്ങൾ പാഠമാക്കി മെച്ചപ്പെട്ട സേവനം നൽകണമെന്നും വൃത്തിയും ശുദ്ധിയുമുള്ള തീർഥാടന കേന്ദ്രമായി ശബരിമലയെ മാറ്റുന്നതിന് എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടർക്ക് ദേശീയ അവാർഡ് ലഭിച്ചത് മികച്ച മാതൃകയാണെന്നും മന്ത്രി കൂട്ടിചേർത്തു.
പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പൊന്നാട അണിയിച്ച് ആദരിച്ചു. ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വകുപ്പുകളെ മന്ത്രി ഫലകം നൽകി ആദരിച്ചു. ജില്ലാ ഭരണകൂടത്തിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ആദ്യ ആദരവ് ഏറ്റുവാങ്ങി.
അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ തുടങ്ങിയവർ സംസാരിച്ചു.