പാലക്കാട്: മുതലമടയിലെ മുപ്പതോളം കോഴി കർഷകർ ജപ്തി ഭീഷണി നേരിടുന്നു. 2009ൽ കർഷകരുടെ ലൈസൻസ് ഉപയോഗിച്ച് , ഏജന്റ് നടത്തിയ നികുതിവെട്ടിച്ചുള്ള കോഴിക്കടത്താണ് കർഷകർക്ക് വിനയായത്. പിഴയും പലിശയും സഹിതം മുതലമട കൊല്ലംകോട് മേഖലയിൽ മുപ്പതോളം പേർക്ക് ജപ്തി നോട്ടീസ് കിട്ടി. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അധികൃതർ ആരും അന്വേഷിച്ചിട്ടില്ലെന്നാണ് കർഷകരുടെ ആരോപണം.
ഏജന്റ് പറ്റിച്ചുവെന്നാണ്, കർഷകരുടെ പരാതി. കർഷകരുടെ വിവരങ്ങൾ ഉപയോഗിച്ചാണ് ഏജന്റ് കോഴി കടത്തിയത്. പിന്നീട് വാണിജ്യ നികുതി വകുപ്പ് റെയ്ഡിൽ നികുതിവെട്ടിപ്പ് കണ്ടെത്തി. ഇതോടെ വലിയ സാമ്പത്തിക ബാധ്യതയായി. പിഴയും പലിശയും ചേർത്ത് വായ്പാ ബാധ്യത വലിയ തുകയായതോടെ ജപ്തി ഭീഷണിയിലുമായി.
പാലക്കാട് ജില്ലയിലെ കൊല്ലംകോട്, മുതലമട മേഖലകളിൽ കോഴി ഫാമുകൾ നിരവധിയാണ്. പൊള്ളാച്ചിയിൽ നിന്നുള്ള വിവിധ കമ്പനികളിൽ നിന്ന് വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ പാലക്കാട് ഈ കോഴി ഫാമുകളിലേക്ക് കൊണ്ടുവരും. ഇവയെ തുടർന്നുള്ള ആറ് ആഴ്ചയോളം ഇവിടുത്തെ ഫാമുകളിൽ പരിപാലിക്കും. പിന്നീട് പൊള്ളാച്ചിയിലെ കമ്പനികൾക്ക് തന്നെ കൈമാറും. ഇതിന് കർഷകർക്ക് കമ്മീഷൻ കിട്ടും. ഇതാണ് കൃഷി രീതി. ഓരോ കർഷകനും സെയിൽസ് ടാക്സ് ലൈസൻസും മറ്റുമുണ്ട്. ഇതുപയോഗിച്ചാണ് വലിയ തോതിൽ തട്ടിപ്പ് നടത്തിയത്.
രാജൻ എന്ന് പേരുള്ള ഏജന്റ് കർഷകരുടെ സെയിൽസ് ടാക്സ് ലൈസൻസ് അടക്കം ഉപയോഗിച്ച് കള്ളക്കണക്കെഴുതി കോഴികളെ കടത്തിയെന്നാണ് ആരോപണം. തന്റെ പേരിലുള്ള ലൈസൻസ് നികുതി വകുപ്പ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തിട്ടും ആറോളം അനധികൃത കോഴിക്കടത്ത് വണ്ടികൾ പൊലീസ് പിടിച്ച് തന്നെ തേടി വന്നെന്ന് കർഷകനായ മുബാറക് അലി പറഞ്ഞു. മക്കളെ പഠിപ്പിക്കാൻ പോലും വഴിയില്ലാത്ത സ്ഥിതിയാലെണെന്ന് കോഴിക്കർഷകയായ ചന്ദ്രികയും പരാതിപ്പെടുന്നു.