ന്യൂഡൽഹി: അദാനി ഗ്രൂപിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കുന്നതിനിടെ, കേന്ദ്രം കൈമാറാന്‍ ശ്രമിച്ച മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു.
എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ സംബന്ധിച്ചും, പരിഗണന വിഷയങ്ങള്‍ സംബന്ധിച്ചുമുള്ള ശിപാര്‍ശകളാണ് മുദ്രവെച്ച കവറിലുണ്ടായിരുന്നത്.
എന്നാൽ, കേന്ദ്രത്തിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൈമാറിയ മുദ്രവെച്ച കവർ കോടതി സ്വീകരിക്കാൻ വിസമ്മതിച്ചു. ‘ഞങ്ങൾക്ക് മുദ്രവെച്ച കവറുകൾ ആവശ്യമില്ല. പൂർണ സുതാര്യത വേണം. ഈ നിർദേശങ്ങൾ അംഗീകരിച്ചാൽ, അത് സർക്കാർ നിയോഗിച്ച സമിതിയായി കാണപ്പെടും, അത് ഞങ്ങൾക്ക് വേണ്ട. തീരുമാനം ഞങ്ങൾക്ക് വിടുക’ -ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.