തിരുവനന്തപുരം: അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി കുംഭകോണക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചത് ഭയം കൊണ്ടെന്ന് എ.ഐ.സി.സി വക്താവ് രാജീവ് ഗൗഡ. കേന്ദ്ര സർക്കാർ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി പല വന്‍കിട പദ്ധതികളും അദാനിക്ക് മാത്രമായി ക്രമപ്പെടുത്തി. വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്‍പ്പെടെ പൊതുമേഖ സ്ഥാപനങ്ങള്‍ അദാനിക്ക് വീതം വെച്ചെന്നും രാജീവ് ഗൗഡ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിദേശ യാത്രകളില്‍ അദാനി പലപ്പോഴും അനുഗമിച്ചതിന്‍റെ ഫലമായി പ്രതിരോധ, ഊര്‍ജ മേഖലകളില്‍ ഉള്‍പ്പെടെ സഹസ്ര കോടികളുടെ സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ട്. കള്ളപ്പണം പുറത്തു കൊണ്ടു വരുമെന്ന മോദിയുടെ വാഗ്ദാനം എന്തായെന്നും ഷെൽ കമ്പനികൾ ഉണ്ടാക്കി അദാനി കളളപ്പണം വെളുപ്പിക്കുകയാണെന്നും രാജീവ് ഗൗഡ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്‍റെ പൊതുമുതലുകള്‍ ചങ്ങാത്ത മുതലാളിമാര്‍ക്ക് കൊള്ളയടിക്കാന്‍ മോദി സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നു. ലോക സമ്പന്നരുടെ പട്ടികയില്‍ 609-ാം സ്ഥാനത്ത് നിന്ന അദാനി ചുരുങ്ങിയ കാലയളവില്‍ രണ്ടാം സ്ഥാനത്തെത്തിയത് മോദിയുടെ സഹായം കൊണ്ടാണ്. അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ചര്‍ച്ചക്ക് പോലും മോദി സര്‍ക്കാര്‍ തയാറാകുന്നില്ല. അവര്‍ പാര്‍ലമെന്‍റില്‍ ഈ വിഷയത്തില്‍ നിന്ന് ഒളിച്ചോടുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും അദാനിക്കെതിരായ പ്രസംഗങ്ങള്‍ പോലും സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു. കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങളെ അസഹിഷ്ണുതയോടെയാണ് ഭരണകൂടം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങാത്ത മുതലാളിമാര്‍ക്ക് വേണ്ടിയുള്ള മോദിയുടെ ഭരണം ജനം തിരിച്ചറിയുന്നു. അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിലെ തട്ടിപ്പിന് സൗകര്യമൊരുക്കിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ മറുപടി പറയാതെ ഒളിച്ചോടുന്നു. മോദിയുടെ ചങ്ങാത്ത മുതലാളിമാര്‍ നടത്തുന്ന ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അദാനി നടത്തിയ ഓഹരിവിപണിയിലെ തട്ടിപ്പിനാല്‍ ലക്ഷക്കണക്കിന് നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചു. ഇത്രയും വലിയ കുംഭകോണം നടന്നിട്ട് സെബി പോലുള്ള ഏജന്‍സികള്‍ നിശബ്ദമായാത് ഞെട്ടിക്കുന്നതാണ്.
സാധാരണക്കാരുടെ നിക്ഷേപം കൊണ്ടു പ്രവര്‍ത്തിക്കുന്ന എല്‍.ഐ.സിയെ അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ സമര്‍ദം ചെലുത്തിയത് കേന്ദ്ര സര്‍ക്കാരാണെന്നും മോദിയുടെ ഭരണകാലഘട്ടം അദാനിയുടെ സമ്പത്ത് ക്രമാതീതമായി വര്‍ധിച്ചെന്നും രാജീവ് ഗൗഡ പറഞ്ഞു.