ന്യൂഡൽഹി : ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതിനു പുറമെ പദ്ധതിയുടെ ഘടന മാറ്റാനും കേന്ദ്രസർക്കാർ നീക്കം. നിലവിൽ 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് തൊഴിലുറപ്പ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങൾകൂടി വിഹിതം വഹിക്കുംവിധം ഘടന മാറ്റാനാണ് ആലോചിക്കുന്നതെന്ന് ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ് പ്രസ്‌താവിച്ചു.
മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് സമാനമായി തൊഴിലുറപ്പിലും അറുപത് ശതമാനം കേന്ദ്രവും നാൽപ്പത് ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന വിധത്തിലേക്ക് മാറണമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. തൊഴിലുറപ്പിന്റെ പേരിലുള്ള അഴിമതി തടയാൻ സംസ്ഥാനങ്ങൾകൂടി വിഹിതം ഇടേണ്ടത് അനിവാര്യമാണ്. പദ്ധതി മാറ്റാൻ പാർലമെന്റിൽ ബിൽ കൊണ്ടുവരേണ്ടതുണ്ടെന്നും ഗിരിരാജ് സിങ് പറഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ തൊഴിലുറപ്പ് വിഹിതത്തിൽ 33 ശതമാനം വെട്ടിക്കുറച്ചിരുന്നു. പദ്ധതി പൂർണമായി ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചതാണ്.