ന്യൂഡൽഹി ∙ ബിബിസിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. 58 മണിക്കൂർ നീണ്ട പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. ബിബിസി ഗ്രൂപ്പിൽപ്പെട്ട പല കമ്പനികളുടെയും കണക്കിൽ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി ഒത്തുപോകുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ.
ബിബിസി ഉപകമ്പനികൾ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ പ്രൈസിങ് രീതിയിലും ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്തു നിന്നുള്ള ജീവനക്കാരന്റെ സേവനം ഉപയോഗിക്കാനായി ഇന്ത്യൻ ഉപകമ്പനി വിദേശത്തെ കമ്പനിക്കു പണം നൽകിയിട്ടുണ്ട്. എന്നാൽ ഇതിനു നികുതി അടച്ചിട്ടില്ല.
ജീവനക്കാരുടെ മൊഴി, ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ധനകാര്യവിഭാഗം, കണ്ടന്റ് ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ടവരുടെ മൊഴികളാണ് എടുത്തത്.