ചാവക്കാട് : ഏതാനും വർഷം മുമ്പു വരെ മയിലിനെ കാണാൻ തീരവാസികൾക്ക് കാഴ്ചബംഗ്ലാവിൽ പോകണമായിരുന്നു. എന്നാൽ കടലോരമേഖലയിലെ വീട്ടുമുറ്റങ്ങളിൽ പോലും ഇവയെ ഇപ്പോൾ കാണാം. ചേറ്റുവ, കടപ്പുറം, മന്ദലാംകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ. ആൺമയിലുകൾക്ക് ശരാശരി നാല് മുതൽ ആറ് കിലോഗ്രാം വരെ ഭാരമുണ്ടാകും. പെൺമയിലുകൾക്ക് നാല് കിലോയിൽ കൂടുതൽ കാണാറില്ല.
തീരദേശത്തെ ആൾത്തിരക്കില്ലാത്ത കുറ്റിക്കാടുകളിലും പറമ്പുകളിലും സ്വന്തമായി ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന മയിലുകൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുകയാണ്. ആളൊഴിഞ്ഞ വീടുകളുടെ ടെറസിലും മറ്റും മയിലുകൾ മുട്ടയിടുന്നതും പതിവായി. മയിലുകൾക്ക് അനുയോജ്യമായ വരണ്ട കാലാവസ്ഥയിലേക്ക് കേരളം മാറുന്നതാണ് കാരണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ ഏഴുവർഷം വരെ തടവും പിഴയും കിട്ടുമെന്നതുകൊണ്ട് കൃഷി നശിപ്പിച്ചാൽ പോലും ഇവയെ ഉപദ്രവിക്കാൻ ആളുകൾക്ക് പേടിയാണ്.