കീവ്: യുക്രേനിയൻ കുട്ടികളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്ത റഷ്യൻ ടിവി അവതാരകന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് യുക്രൈനിലെ കോടതി. യുദ്ധത്തെ അനുകൂലിച്ച അവതാരകൻ ആന്റൺ ക്രാസോവ്‌സ്‌കിക്കാണ് കോടതി ശിക്ഷ വിധിച്ചത്. നിലവിൽ ക്രാസോവ്‌സ്‌കി ഒളിവിലാണ്.
വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തു, യുക്രൈന്റെ ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്നതിന് വാദിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് ക്രാസോവ്‌സ്‌കി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്ന് യുക്രൈൻ അറിയിച്ചു. ഒക്ടോബറിലായിരുന്നു ക്രാസോവ്സ്കിയുടെ വിവാദ പ്രസ്താവന. റഷ്യക്കാരെ അധിനിവേശക്കാരായി കാണഉന്ന യുക്രേനിയൻ കുട്ടികളെ ശക്തമായ ഒഴുക്കുള്ള നദിയിലേക്ക് നേരിട്ട് എറിയേണ്ടതാണ് എന്നായിരുന്നു ക്രാസോവ്സ്കി പറഞ്ഞത്. സംഭവത്തിൽ ക്രാസോവ്സ്കി പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും വിവാദ പരാമർശങ്ങളുടെ പേരിൽ അദ്ദേഹം ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതൽ യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ ക്രാസോവ്സ്കി പരസ്യമായി പിന്തുണച്ചു. വംശീയവാദികൾ ചെയ്ത കുറ്റകൃത്യങ്ങൾ ക്ഷമിക്കുകയും യുക്രേനിയൻ ജനതയുടെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. കുറ്റവാളിയായ അയാൾ ഇപ്പോൾ വിദേശത്ത് ഒളിച്ചിരിക്കുകയാണ്. സുരക്ഷാസേന ജീവനക്കാർക്ക് അയാൾ എവിടെയാണെന്ന് അറിയാമെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. യുക്രൈൻ സുരക്ഷാ സേന പറഞ്ഞു. അതേസമയം, എവിടെയുള്ള ഏത് കോടതിയാണ് ക്രാസോവ്സ്കിക്ക് ശിക്ഷ വിധിച്ചതെന്നോ എപ്പോഴായിരുന്നു ശിക്ഷാപ്രഖ്യാപനമെന്നോ സുരക്ഷാസേന വ്യക്തമാക്കിയില്ല.