നാക്കുപിഴകള്‍ മനുഷ്യ ജീവിതത്തില്‍ സാധാരണമാണ്. സാധാരണക്കാരുടെ നാക്കുപിഴകള്‍ ചെറിയൊരു തമാശയായി മാത്രമേ ആളുകള്‍ സ്വീകരിക്കൂ. എന്നാല്‍, സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരുടെ നാക്കുപിഴകള്‍ പക്ഷേ അങ്ങനെയല്ല. അത് ലോകം മൊത്തം ശ്രദ്ധിക്കും. അത്തരമൊരു നാക്കുപിഴയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പാകിസ്ഥാന്‍റെ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്രോളുകള്‍ക്ക് നടുവില്‍പ്പെട്ടിരിക്കുകയാണ്.
പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. സംസാരിച്ച് സംസാരിച്ച് അവേശം മൂത്തപ്പോള്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്, പാകിസ്ഥാനില്‍ ഒരു കിലോഗ്രാം നെയ്യ്ക്ക് ഇപ്പോള്‍ 600 ബില്യൺ പാകിസ്ഥാന്‍ രൂപയാണെന്നായിരുന്നു. അതായത് ഏതാണ്ട് പതിനെണ്ണായിരം കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യം. അതേ സമയം പാകിസ്ഥാനില്‍ ഒരു കിലോ നെയ്ക്ക് ഇപ്പോള്‍ 500 നും 600 നും ഇടയിലാണ് വില. പക്ഷേ ഇമ്രാന്‍ ഖാന്‍ പറഞ്ഞ് വന്നപ്പോള്‍ അത് 600 ബില്യണ്‍ പാക് രൂപയായി. സത്യത്തില്‍ ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലിന് പിന്നാലെ രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പത്തെ സൂചിപ്പിക്കാന്‍ ഒരു ഉദാഹരണം പറഞ്ഞതായിരുന്നു ഇമ്രാന്‍ ഖാന്‍. പക്ഷേ അദ്ദേഹത്തിന്‍റെ നാക്കുപിഴയില്‍ സംഗതി കൈയില്‍ നിന്ന് പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.
പിന്നാലെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ ഇമ്രാന്‍ഖാന്‍റെ നിരവധി ട്രോളുകളാണ് ഇറക്കിയത്. ഇത്തരത്തിലുള്ള ട്രോളുകള്‍ ട്വിറ്ററില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പണപ്പെരുപ്പം വർധിക്കുന്ന രീതിയിൽ ഇമ്രാൻ ഖാൻ ഭാവി പ്രവചനം നടത്തുകയാണോയെന്ന് ഒരാള്‍ സംശയിച്ചു. മറ്റൊരാള്‍ എഴുതിയത് “ഇമ്രാൻ ഖാൻ ഇപ്പോള്‍ 5023 വർഷത്തിലാണ്!” എന്നാണ്. മറ്റൊരാള്‍ പറഞ്ഞത്, സ്വര്‍ണ്ണവും വജ്രവും ഉപയോഗിച്ച് പ്രത്യേകം നിര്‍മ്മിച്ച നെയ്യാണെന്നായിരുന്നു.