പട്‌ന: ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. ബിബിസി ഓഫീസുകളിൽ ഐടി വകുപ്പ് നടത്തിയ റെയ്ഡുകളെയും തേജസ്വി യാദവ് വിമർശിച്ചു. ആർഎസ്എസും ബിജെപിയും ഇന്ത്യയെ ‘നാഥുറാം ഗോഡ്‌സെയുടെ രാജ്യ’മാക്കാൻ ആഗ്രഹിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു. ചോദ്യം ചെയ്യുന്നവരെ വേട്ടയാടാൻ കേന്ദ്ര സർക്കാറും ബിജെപിയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിബിസി റെയ്ഡിനെ സൂചിപ്പിച്ച് തേജസ്വി പറഞ്ഞു. സത്യം പറയുന്നവർക്കെതിരെ പ്രതികാരം ചെയ്യുകയാണ് കേന്ദ്രത്തിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യത്യസ്ത മത വിശ്വാസം പിന്തുടരുന്ന, നിരവധി ഭാഷകൾ സംസാരിക്കുന്ന ഐക്യത്തോടെ നിലകൊള്ളുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തുവിട്ടതിന് ശേഷം ആദായ നികുതി വകുപ്പ് ബിബിസിയുടെ മുംബൈ, ദില്ലി ഓഫിസുകളിൽ റെയ്ഡ് നടത്തിയിരുന്നു. മൂന്ന് ദിവസമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബിബിസിയുടെ വരുമാനവും അടയ്ക്കുന്ന നികുതിയും തമ്മിൽ ഒത്തുപോകുന്നില്ലെന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ഭാരതം ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വമാണ് രാജ്യത്തിന്റെ സത്തയെന്നും സംഘ് മേധാവി മോഹൻ ഭഗവത് ഉൾപ്പെടെയുള്ള രാഷ്ട്രീയ ആർഎസ്എസ് നേതാക്കൾ ആവർത്തിച്ച് പറഞ്ഞിരുന്നു. രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും ഹിന്ദുത്വ എന്ന വാക്ക് ബാധകമാണെന്നാണ് ആർഎസ്എസ് കരുതുന്നതെന്നും ഭാഗവത് പറഞ്ഞിരുന്നു. ഹിന്ദു എന്നത് ഏതെങ്കിലും വിഭാഗത്തിന്റെ പേരല്ലെന്നും ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരെയും അഭിസംബോധന ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിഹാറില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ് തേജസ്വി യാദവ്. സംസ്ഥാനത്ത് ജെഡിയു-ആര്‍ജെഡി ഒരുമിച്ചതോടെയാണ് ബിജെപി സഖ്യകക്ഷിക്ക് ഭരണം നഷ്ടമായത്.