ന്യൂഡൽഹി: ജി.എസ്.ടി നഷ്ടപരിഹാരം നീട്ടുന്നത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ തീരുമാനമായില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതുസംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു. കേരളത്തിന് കിട്ടാനുള്ള ജി.എസ്.ടി നഷ്ടപരിഹാരം ഒരാഴ്ചക്കകം തന്നെ ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയാൽ നഷ്ടപരിഹാരം ലഭിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറുമായി തർക്കമില്ല. ഒരാഴ്ചക്കകം തന്നെ സാങ്കേതികമായ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് നഷ്ടപരിഹാര തുക വാങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടപരിഹാരം നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രസർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജി.എസ്.ടി നഷ്ടപരിഹാരം ഇന്ന് തന്നെ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ട് നൽകുന്ന മുഴുവൻ സംസ്ഥാനങ്ങൾക്കും ഇന്ന് തന്നെ നഷ്ടപരിഹാരം നൽകുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ജി.എസ്.ടി നഷ്ടപരിഹാരം കണക്കാക്കുന്നതിൽ അപാകതയുണ്ടെന്ന ആരോപണം ചില സംസ്ഥാനങ്ങൾ യോഗത്തിൽ ഉയർത്തിയിരുന്നു.