ദില്ലി: ശർക്കര പാനി, പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയുടെ ചരക്ക് സേവന നികുതി കുറച്ചു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന സഹമന്ത്രിമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്ന് ദില്ലിയിൽ കേന്ദ്ര ധനമന്ത്രി നടത്തിയ 49-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ഇന്ന് തന്നെ നല്‍കുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. അതേസമയം,
നഷ്ടപരിഹാര ഫണ്ടില്‍ ഇപ്പോള്‍ ഈ തുക നല്കാൻ ഇല്ല. അതിനാൽ തന്നെ കേന്ദ്രം സ്വന്തം പോക്കറ്റില്‍ നിന്നാണ് തുക അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയില്‍ നഷ്ടപരിഹാര സെസ് പിരിക്കുമ്പോള്‍ അതില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
നേരത്തെ 18 ശതമാനമായിരുന്ന ശര്‍ക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. പെന്‍സില്‍ ഷാര്‍പ്നെറിന്റെ ജിഎസ്ടി 18 ശതമാനമത്തില്‍ നിന്ന് ആറ് ശതമാനം കുറച്ച് 12 ശതമാനമാക്കി. ചില ട്രാക്കിങ് ഉപകരങ്ങളുടെ 18 ശതമാനമുണ്ടായിരുന്ന ജിഎസ്ടിയും ഒഴിവാക്കി.
എന്താണ് ജിഎസ്ടി നഷ്ട പരിഹാരം?
കേന്ദ്ര സര്‍ക്കാര്‍ 2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം തുടർന്നുള്ള അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ധാരണ. സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ ഒറ്റയടിക്ക് ഇടിവ് വരുന്നത് കൊണ്ടായിരുന്നു ഈ തീരുമാനം. അഞ്ച് വര്ഷം എന്നുള്ള കാലവാധി നീട്ടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.