കോട്ടയം : കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത വിദേശിയെ പിടിച്ചിറക്കി ആരോഗ്യ കേന്ദ്രത്തിലെത്തിച്ച കോവിഡിന്റെ തുടക്കകാലം. നാട് തോറും കൈകഴുകൽ സംവിധാനം. കടകളിൽ അകലം പാലിക്കാൻ അടയാളപ്പെടുത്തൽ.കോവിഡിന്റെ ഒമിക്രോൺ വകഭേദം അടക്കം നാടാകെ പരക്കുന്ന ഇന്ന് കോവിഡിനെയും ഒരു സാധാരണ പനിയായി കണ്ട് അവഗണിക്കുന്നത് ജനം മാത്രമല്ല ആരോഗ്യമേഖലയും കൂടിയാണ്. കോവിഡ് ചട്ടങ്ങൾ മറക്കുന്നു എന്ന് മാത്രമല്ല മുൻകരുതലുകൾ നിശ്ചലമാകുകകൂടി ചെയ്തു. ആരോഗ്യ കേന്ദ്രത്തിലെത്തുമ്പോൾ കവാടത്തിൽ ഒരുക്കിയ പരിശോധനാകേന്ദ്രങ്ങൾ ഇന്ന് കാണാനില്ല. തെർമൽ സ്കാനർ അപ്രത്യക്ഷമായി. ആന്റിജൻ പരിശോധന അടക്കം നിർബന്ധമല്ല. അത്യാഹിത വിഭാഗത്തിലെ സ്റ്റാഫ് നഴ്സ് മാത്രമാണ് പലയിടത്തും പി.പി.ഇ. കിറ്റ് ധരിക്കുന്നത്. ഡോക്ടർമാരിൽ പലരും ഇത് ഉപയോഗിക്കുന്നില്ല. രോഗിയെ പരിശോധിക്കുമ്പോൾ ശരീരത്തിലെ ചൂട് കൂടുതൽ ആണെങ്കിൽ മാത്രമേ ആന്റിജൻ നിർദേശിക്കുന്നുള്ളൂ. പരിശോധനയിൽ പോസിറ്റീവ് അണെങ്കിൽ രോഗിയെ പാരസെറ്റമോൾ അടക്കം ചെറിയ മരുന്നുകൾ നൽകി വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയാൻ നിർദേശിച്ച് മടക്കി വിടുന്നു. സ്വകാര്യ സ്ഥാപനത്തിലാണ് കോവിഡ് പരിശോധന നടക്കുന്നതെങ്കിൽ സർക്കാർ സംവിധാനം വഴി ആരോഗ്യവകുപ്പ് അറിയാൻതന്നെ ഒരുദിവസത്തിലധികം വേണം.
കോവിഡ് ബാധിതന്റെ കുടുംബാംഗങ്ങൾ അടക്കമുള്ളവർക്ക് കോവിഡ് പരിശോധന നടത്തുന്നില്ല എന്ന് മാത്രമല്ല ഇവർ പുറത്ത് ഇറങ്ങാതിരിക്കാൻ കാര്യമായ നടപടികൾ ഒന്നും ഇല്ല. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിൽ അടക്കം കോവിഡ് രോഗിക്ക് ഒപ്പം എത്തുന്ന സഹായിക്ക് അടക്കം സ്വതന്ത്രമായി നടക്കാം. ഈ സഹായി കോവിഡ് ബാധിതനാണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻപോലും ആരും താത്പര്യം കാണിക്കുന്നില്ല. സർക്കാർ ആശുപത്രികളിലെ കോവിഡ് പരിശോധനയും നിലച്ച മട്ടാണ്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗി കോവിഡ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞാലും ജീവനക്കാർ പി.പി.ഇ. കിറ്റ് മാറ്റാറില്ല. രോഗിക്ക് പി.പി.ഇ. കിറ്റ് നൽകാറുമില്ല. കോവിഡ് ബാധിതനെ ശുശ്രൂഷിച്ച അതേ പി.പി.ഇ. കിറ്റുമായി തന്നെ പിന്നീട് വരുന്ന മറ്റ് രോഗികളെയും ശുശ്രൂഷിക്കും.