തലശേരി> കുട്ടികളിൽ ആരോഗ്യദായകമായ ഭക്ഷണ രീതികൾ ശീലിപ്പിക്കുന്നതിനുള്ള ശ്രമം ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളർച്ച മുക്ത കേരളം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘വിവ കേരളം, വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്’ സംസ്ഥാനതല പ്രചാരണം ഉദ്‌ഘാടനം ചെയ്യുക യായിരുന്നു മുഖ്യമന്ത്രി. പട്ടിണിയുള്ളിടത്താണ് വിളർച്ചയെന്ന് കണക്കാക്കേണ്ടതില്ല.സമ്പന്ന വീടുകളിലും വിളർച്ചയുള്ളവരുണ്ട്. ആവശ്യമായ രീതിയിലുളള ഭക്ഷണം ഉള്ളിലെത്താത്തതാണ് ഇതിന് കാരണം.
ഭക്ഷണ ശീലത്തിനൊപ്പം വ്യായാമത്തിനും പ്രാധാന്യം നൽകണം. യുവതലമുറയെ ഒരു തരത്തിലും രോഗങ്ങളിലേക്ക് തള്ളിവിടാൻ പാടില്ല. വിളർച്ച സംബന്ധിച്ച് ആദിവാസി മേഖലയിൽ അവരുടെതായ ഭാഷയിൽ ബോധവൽക്കരണം നടത്തും. സ്കൂളുകൾ കേന്ദ്രീകരിച്ചും ബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. സ്പീക്കർ എ എൻ ഷംസീർ, നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതവും ഡയറക്ടർ ഡോ. വി മീനാക്ഷി നന്ദിയും പറഞ്ഞു.