കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ദേശീയ പാതയിൽ വച്ചാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്നലെ രാത്രി മുതൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജംങ്ഷനിൽ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളിൽ ഒളുപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.
തൊണ്ണൂറ്റി അയ്യായിരം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് കണ്ടെടുത്തത്. വിപണിയിൽ അരക്കോടിയോളം രൂപ വില വരുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ് പാൻ മസാല കടത്തിയത്. ഇക്കഴിഞ്ഞ ജനുവരി എട്ടിന് കരുനാഗപ്പള്ളിയിൽ നിന്നും ഒരു കോടി രൂപ വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ആലപ്പുഴ സ്വദേശികളായ ഷാനവാസിന്റെയും അൻസറിന്റേയും പേരിലുള്ള ലോറിയിലായിരുന്നു പാൻ മസാലക്കടത്ത്. ഈ കേസിൽ കടത്ത് സംഘത്തിലെ പ്രധാനിയായ ഇടുക്കി സ്വദേശി ജയനെ ഇതുവരേയും അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല.