ന്യൂഡൽഹി ∙ റസ്റ്ററന്റുകളുടെ പാഴ്സൽ/ടേക് എവേ സൗകര്യങ്ങൾക്കു സേവന നികുതി ഈടാക്കാൻ പാടില്ലെന്നു കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്‌ലറ്റ് ട്രൈബ്യൂണൽ (സിഇഎസ്ടിഎടി) ഉത്തരവിട്ടു. സേവന നികുതി ഇനത്തിൽ 23 കോടി രൂപ അടയ്ക്കണമെന്ന ജിഎസ്‌ടി കമ്മിഷണറുടെ ഉത്തരവിനെതിരെ ഹൽദിറാം മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.
റസ്റ്ററന്റുകളിൽ ലഭ്യമാക്കുന്ന സേവനങ്ങൾക്കാണു സേവന നികുതി 2011 ഫെബ്രുവരിയിൽ കേന്ദ്ര ധനമന്ത്രാലയം അവതരിപ്പിച്ചതെന്നും ഡെലിവറി സേവനങ്ങൾക്ക് ഇതു ബാധകമല്ലെന്നു 2015 ഓഗസ്റ്റ് 13നു മന്ത്രാലയം വിശദീകരണം നൽകിയിട്ടുള്ളതാണെന്നും ട്രൈബ്യൂണൽ പ്രസിഡന്റ് ജസ്റ്റിസ് ദിലീപ് ഗുപ്ത, അംഗം പി.വി.സുബ്ബ റാവു എന്നിവർ വ്യക്തമാക്കി. പാഴ്സൽ, ടേക് എവേ സൗകര്യങ്ങൾ വിൽപനയുടെ പരിധിയിലാണു വരുന്നതെന്നും അതൊരു സേവനമായി പരിഗണിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു.