മുംബൈ ∙ പുതിയ താരിഫ് ഓർഡർ (എൻടിഒ 3.0) പ്രകാരം വർധിപ്പിച്ച നിരക്കിലുള്ള കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് പ്രമുഖ ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു. ഡിസ്നി സ്റ്റാർ, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്, സോണി പിക്ചേഴ്സ് നെറ്റ്‌വർക് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ വിതരണക്കാർക്കുള്ള ചാനൽ വിതരണം ഇന്നലെ രാത്രി അവസാനിപ്പിച്ചത്. ഇതോടെ, ഈ കേബിൾ ശൃംഖലകളെ ആശ്രയിക്കുന്ന രാജ്യത്തെ ഏകദേശം നാലരക്കോടിയോളം പ്രേക്ഷകർക്ക് പ്രസ്തുത കമ്പനികളുടെ ചാനലുകൾ ലഭ്യമല്ലാതായി.
പുതിയ താരിഫ് കരാർ പ്രകാരം ചാനലുകളുടെ നിരക്ക് വർധിക്കുന്നതിന്റെ അമിതഭാരം വരിക്കാർക്കു മേൽ അടിച്ചേൽപിക്കാനാവില്ല എന്നു ചൂണ്ടിക്കാണിച്ചാണ് ഡിജിറ്റൽ കേബിൾ ശൃംഖലകളുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ പുതിയ കരാറിൽ ഒപ്പിടേണ്ടതില്ല എന്നു തീരുമാനിച്ചത്. നിരക്കുവർധനയെ നിയമപരമായി നേരിടുമെന്നും ഫെഡറേഷൻ അറിയിച്ചു. പുതിയ താരിഫ് കരാർ പ്രകാരം ജനപ്രിയ ചാനലുകളുടെ നിരക്കിൽ 15% ശതമാനം വരെ വർധനയാണ് ഉണ്ടാകുക. അതേ സമയം, 80% പ്രേക്ഷകരിലേക്ക് എത്തുന്ന ഡിടിഎച്ച്, കേബിൾ വിതരണക്കാർ പുതിയ താരിഫ് കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നു ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ അവകാശപ്പെട്ടു.