റിയാദ്: ഒരു മാസത്തിനിടെ വിസ നിയമത്തിലുണ്ടായ മാറ്റങ്ങൾ സൗദിയിലേക്ക് കൂടുതൽ സന്ദർശകർ എത്താനിടയാക്കും. സൗദിയിൽ താമസരേഖയുള്ള വിദേശിക്ക് സന്ദർശന വിസയിൽ ഭാര്യയെയും കുട്ടികളെയും മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും മാത്രം കൊണ്ടുവരാനായിരുന്നു നിലവിൽ അനുമതിയുണ്ടായിരുന്നത്. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് വിവിധ വഴികളിൽ ബന്ധുത്വമുള്ള കൂടുതൽ ആളുകൾക്ക് വിസ നൽകാനാകും.
ഇതിന് പുറമെ ഉംറ വിസയിലും രാജ്യത്തേക്ക് പ്രവേശിക്കാനാകും. ആയിരം റിയാലിന് താഴെയാണ് ഉംറ വിസക്കായി ചെലവ് വരുന്നത്. പാസ്പോർട്ട് അതത് രാജ്യങ്ങളിലെ സൗദി കോൺസിലേറ്റിലേക്ക് അയക്കുകയോ വിസ സ്റ്റാമ്പിങ്ങിന് വേണ്ടി കാത്തിരിക്കുകയോ അതിന് വേണ്ടി പണം അധികമായി ചെലവഴിക്കുകയോ വേണ്ട. ഇ-വിസയായാണ് ഉംറ വിസ നൽകുന്നത്.
സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഉംറ വിസയിൽ ഇറങ്ങാൻ മന്ത്രാലയം അനുമതി നൽകിയിരുന്നെങ്കിലും വിമാനകമ്പനികൾക്ക് ഇക്കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഇക്കാര്യത്തിൽ കഴിഞ്ഞദിവസം വ്യക്തത വരുത്തി ഉത്തരവ് ഇറക്കി. സൗദിയിലെ ഏത് പ്രാവശ്യയിലെയും അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും ഉംറ വിസയിൽ വന്നിറങ്ങാമെന്ന് വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിൽ അതോറിറ്റി വ്യക്തമാക്കി. ഇതുവരെ കുടുംബ വിസയിലും ബിസിനസ് വിസയിലും ടൂറിസം വിസയിലുമായിരുന്നു സന്ദർശകർ സൗദിയിലെത്തിയിരുന്നത്.
ഇന്ത്യയിൽ നിന്നൊരാൾക്ക് ബിസിനസ് വിസയിൽ വരാൻ സൗദിയിലുള്ള കമ്പനികളുടെ ക്ഷണക്കത്തും തുടർന്ന് ചേമ്പർ ഓഫ് കൊമേഴ്‌സ് സാക്ഷ്യപ്പെടുത്തലും അതും കഴിഞ്ഞ് മുംബൈയിലെ സൗദി കോൺസിലേറ്റിലോ ഡൽഹിയിലെ സൗദി എംബസിയിലോ പാസ്പോർട്ട് സമർപിക്കലും വിസ സ്റ്റാമ്പ് ചെയ്യലും ഉൾപ്പടെ നൂലാമാലകൾ ഏറെയായിരുന്നു. ഓൺലൈനിലിൽ അപേക്ഷിച്ച് കിട്ടുന്ന ഉംറ വിസയിൽ സൗദിയിലേക്ക് വരാൻ കഴിയുന്ന പുതിയ സാഹചര്യം എല്ലാവർക്കും പലവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്.