ചെങ്ങമനാട് : പറമ്പിലെ കരിയിലയും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടർന്ന് സമീപത്തെ ഷെഡ്ഡിലുണ്ടായിരുന്ന വാനും സ്കൂട്ടറും സൈക്കിളും മറ്റും കത്തിനശിച്ചു. ചെങ്ങമനാട് കുണ്ടൂർ വീട്ടിൽ ലളിതാ രാജന്‍റെ വാഹനങ്ങളാണ് കത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ കരിയിലയും മറ്റും കൂട്ടിയിട്ട് കത്തിച്ചു. അണയാതെ കിടന്ന തീ ഉച്ചയോടെ ആളിപ്പടർന്ന് സമീപത്തുള്ള ഷെഡ്ഡിലെ മര ഉരുപ്പടികളും ടയറുകളും കത്തി. സ്കൂട്ടറിന് തീപിടിച്ചതോടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു. അതോടെ വാനിൽ തീപിടിച്ചു. ഷെഡ്ഡും കത്തിനശിച്ചു. പറമ്പിൽ നിന്ന് ഏറെ മാറിയാണ് വീട്. അപകട സമയത്ത് ലളിത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീപടരുന്നത് കണ്ട സമീപവാസികൾ ഓടിക്കൂടി അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അങ്കമാലി ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെങ്ങമനാട് എസ്.ഐ ഷാജി എസ്. നായരുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തത്തെി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എൻ. ജിജി, പി.വി. പൗലോസ്, ഫയർ ഓഫീസർമാരായ ഷൈൻ ജോസ്, രജി എസ്. വാര്യർ, അനിൽ മോഹൻ, ഹരി, രാഹുൽ, സച്ചിൻ, ഡ്രൈവർമാരായ സുധി, ബൈജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.