കണ്ണൂർ: കണ്ണൂർ വിസി പുനർനിയമനത്തിനെതിരായ ഹർജിയിൽ കണ്ണൂർ സർവകലാശാല ചാൻസിലറും കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാനായി ഹാജരാകുക എജി വെങ്കിട്ടരമണി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് എജി നേരിട്ട് ഹാജാരാകുന്നതെന്നാണ് വിവരം. കേസിന്റെ ഫയലുകൾ കഴിഞ്ഞ ദിവസം എജിയുടെ ഓഫീസിൽ എത്തി. അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യമാണ് ഗവർണറിനായി കേസിൽ വക്കാലത്ത് ഇട്ടത്. മാർച്ച് 14നാണ് കേസ് ഇനി സുപ്രീം കോടതി പരിഗണനയ്ക്ക് എത്തുന്നത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു.ഇതിനെ ചോദ്യം ചെയ്താണ് ഹർജി സുപ്രീം കോടതിയിൽ എത്തിയത്.
വിസി ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടങ്ങൾ പാലിച്ചാണെന്ന് കണ്ണൂർ സർവകലാശാലയും ഡോ.ഗോപിനാഥ് രവീന്ദ്രനും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിനെതിരായ മറുപടി സത്യവാങ്മൂലത്തിലാണ് കണ്ണൂർ വിസിയുടെ ആദ്യനിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാരൻ വാദിക്കുന്നത്.ഈ സാഹചര്യത്തിൽ നൽകിയ പുനനർനിയമനവും നിലനിൽക്കില്ല. പുനർനിയമന സമയത്ത് ഡോ,ഗോപിനാഥ് രവീന്ദ്രൻ ആറുപത് വയസ് കഴിഞ്ഞിരുന്നു.പ്രായം കടന്നുള്ള നിയമനവും ചട്ടലംഘനമാണെന്നും ഹർജിക്കാരൻ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ഹർജിക്കാരൻ പ്രേമചന്ദ്രൻ കീഴൂട്ടിനായി മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.