കോഴിക്കോട്:രാഷ്ട്രീയ പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തുകൊണ്ട് സമരങ്ങളെ അടിച്ചമർത്താനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മുന്നറിയിപ്പ് നല്‍കി.ലഹരി മാഫിയയുടെയും ക്രിമിനൽ സംഘങ്ങളുടെയും പിടിയിലാണ് ഇപ്പോൾ പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.നികുതി വര്‍ദ്ധന നിര്‍ദ്ദേശങ്ങള്‍ക്കെതിരായ പ്രക്ഷോഭ പിരപാടികള്‍ തീരുമാനിക്കുന്നതിനായി ബിജെപി സംസ്ഥാന ഭാരവാഹി യോഗം കോഴിക്കോട് തുടങ്ങി.ശോഭ സുരേന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്..ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത്കുമാർ ഗൗതമിന്റെ സാന്നിധ്യത്തിലാണ് യോഗം.
സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദികളിൽ കറുത്ത നിറത്തിന് വിലക്ക് ഏർപ്പെടുത്തിയതിലൂടെ അദ്ദേഹം ജനങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി എന്തിനാണ് ഓടി ഒളിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ചുവപ്പ് കണ്ട കാളയെ പോലെയാണ് കറുപ്പ് കണ്ട പിണറായി.ആകാശ് തില്ലങ്കേരിയെ സിപിഎം ഭയക്കുകയാണ്. സിപിഎം പാലൂട്ടി വളർത്തിയ ക്രിമിനൽ സംഘമാണ് കണ്ണൂരിൽ ഇപ്പോൾ അഴിഞ്ഞാടുന്നത്. ആകാശ് ഉൾപ്പെട്ട കേസുകൾ പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണമന്നും സുരേന്ദ്രൻ പറഞ്ഞു.
ആകാശ് തില്ലങ്കേരിയും ഗുണ്ടാ സംഘങ്ങളും ഉൾപ്പെട്ട എല്ലാ കേസുകളും ശരിയായി അന്വേഷിക്കണം. വിധി പറഞ്ഞ പല കേസുകളിലും പുനരന്വേഷണവും ആവശ്യമാണ്. ഇതുവരെ പുറത്തു വരാത്തതും അന്വേഷണം പൂർത്തിയായതുമായ പല കേസുകളിലും ഇവർക്ക് പങ്കുണ്ട് എന്നതാണ് പരസ്പരമുള്ള കൊലവിളികളിൽ നിന്നും മനസ്സിലാകുന്നത്. അതിനാൽ ആകാശും സംഘവും ഉൾപ്പെട്ട എല്ലാ കേസുകളിലും പുനരന്വേഷണം ആവശ്യമാണ്’. പൊതുസമ്മേളനം നടത്തി പോയാൽ സിപിഎമ്മിൻ്റെ ഉത്തരവാദിത്വം തീരില്ല. തീവ്രവാദ സംഘത്തെ വളർത്തിയതിന് ജനങ്ങളോട് മാപ്പു പറയാൻ സിപിഎം നേതൃത്വം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.
സി.എം രവീന്ദ്രന്റെ പങ്കാളിത്തം പുറത്തു വന്നിട്ട് ഇത്രയും സമയമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സിഎം രവീന്ദ്രനാണ് ഇവിടുത്തെ യഥാർത്ഥ സിഎം എന്നും സുരേന്ദ്രൻ പറഞ്ഞു.