ഉടമസ്ഥരില്ലാതെ അലഞ്ഞു തിരിയുന്ന പശുക്കളെ വെടിവെച്ചു കൊല്ലാൻ തീരുമാനിച്ച് അമേരിക്ക. യുഎസ്സിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ഗില മേഖലയിൽ അലഞ്ഞു തിരിയുന്ന പശുക്കളെയാണ് ഇത്തരത്തിൽ കൊല്ലാൻ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്. നൂറ്റിയമ്പതോളം പശുക്കളെ ഇത്തരത്തിൽ കൊലപ്പെടുത്താൻ ആണ് അധികൃതരുടെ തീരുമാനം. എന്നാൽ, ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ച് നാലുദിവസംകൊണ്ട് ഈ പശുക്കളെ കൊലപ്പെടുത്താൻ ഉള്ള പദ്ധതിയാണ് അധികൃതർ തയ്യാറാക്കിയിരിക്കുന്നത്.
പർവതങ്ങളും മലയിടുക്കുകളും മേച്ചിൽപുറങ്ങളുമുള്ള ഗില പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്. എന്നാൽ, ഇവിടം ഉടമസ്ഥരില്ലാത്ത പശുക്കളുടെ താവളമായി മാറിയതോടെ പശുക്കൾ വൻതോതിൽ മേച്ചിൽ നടത്തി ഈ മേഖലയുടെ പരിസ്ഥിതി സന്തുലനം അപകടത്തിലാക്കുകയാണ് എന്നാണ് പരിസ്ഥിതിവാദികളുടെ പ്രധാന പരാതി. കൂടാതെ ഇവിടങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെയും പശുക്കൾ ആക്രമിക്കുന്ന പതിവ് കൂടി വരികയാണെന്നും പരാതികൾ ഉണ്ട്. ഇതിൻറെ എല്ലാം പശ്ചാത്തലത്തിലാണ് പശുക്കളെ വെടിവെച്ചു കൊല്ലാൻ അധികൃതർ തീരുമാനിച്ചത്.
എന്നാൽ, ഈ തീരുമാനം തീർത്തും അശാസ്ത്രീയമാണെന്നും ഹെലികോപ്റ്ററിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ പശുക്കൾ വിരണ്ടോടുമെന്നും ഇതുമൂലം ധാരാളം വെടി ഉതിർക്കേണ്ടി വരും എന്നുമാണ് ഒരു കൂട്ടം ആളുകൾ വാദിക്കുന്നത്. ഇത്തരത്തിൽ സംഭവിച്ചാൽ അത് പശുക്കൾക്ക് മാത്രമല്ല മേഖലയിലെ മറ്റു മൃഗങ്ങൾക്കും അപകടം വിളിച്ചു വരുത്തുമെന്നും ഇവർ പറയുന്നു. കൂടാതെ വെടിയേൽക്കുന്ന പശുക്കൾ ജീവൻ നഷ്ടപ്പെടാതെ കിടന്നാൽ അതും ഈ പ്രദേശത്ത് എത്തുന്നവർക്ക് ബുദ്ധിമുട്ടാകുമെന്നും ഇവർ പറയുന്നു. മാത്രമല്ല പല പശുക്കളും അനാഥ പശുക്കളല്ലെന്നും പല ഫാമുകളിൽ നിന്നും മറ്റും പുറത്തു ചാടിയവയാണെന്നും ഇവയിൽ പലതിനെയും അതിന്റെ ഉടമസ്ഥർ അന്വേഷിച്ചു കൊണ്ടിരിക്കുന്നവയാണെന്നും ആണ് മറ്റൊരു വാദം.
അത്തരം സാഹചര്യത്തിൽ ഇവയെ വെടിവെച്ചു കൊന്നാൽ അത് ഉടമസ്ഥരോട് ചെയ്യുന്ന അനീതിയാകുമെന്നും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഇടക്കാല ആശ്വാസമല്ല വേണ്ടതെന്നും ദീർഘകാലത്തേക്കുള്ള ഒരു പ്രതിവിധിയാണ് അധികൃതർ കണ്ടെത്തേണ്ടത് എന്നുമാണ് ഈ നടപടിയെ എതിർക്കുന്നവർ അഭിപ്രായപ്പെടുന്നത്. ന്യൂമെക്‌സിക്കോ ക്യാറ്റിൽ ഗ്രോവേഴ്‌സ് അസോസിയേഷൻ ഈ പദ്ധതിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇപ്പോൾ.
പടിഞ്ഞാറൻ യുഎസ് മേഖലയിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് കാട്ടുപന്നികളെയും കുറുക്കൻമാരെയും മുൻപ് വെടിവച്ചുകൊന്നിട്ടുണ്ട്. എന്നാൽ, പശുക്കൾക്കെതിരെ ഇത്തരത്തിൽ ഒരു നടപടി ആദ്യമായാണ്.