ന്യൂഡൽഹി> സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബിജെപി നേതാവായ അഡ്വ. അശ്വിനി ഉപാധ്യായ നൽകിയ ഹർജി ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. വിവാഹപ്രായം ഉയർത്തൽ പാർലമെന്റിന്റെ ജോലി ആണെന്നും നിയമനിർമാണം നടത്താൻ പാർലമെന്റിനോട് നിർദേശിക്കാനാകില്ലെന്നും ഹർജി തള്ളി കോടതി നിരീക്ഷിച്ചു.
പുരുഷൻമാർക്കും സ്‌ത്രീകൾക്കും വ്യത്യസ്‌ത വിവാഹപ്രായം നിശ്‌ചയിച്ചിട്ടുള്ളത് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന വാദമാണ് ഹർജിക്കാരൻ ഉന്നയിച്ചത്. പുരുഷൻമാർക്ക് 21-ാം വയസിലും സ്‌ത്രീകൾക്ക് 18-ാം വയസിലും വിവാഹം ചെയ്യാമെന്ന വ്യവസ്ഥ മാറ്റണം. സ്‌ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ, സ്‌ത്രീകളുടെ വിവാഹപ്രായം 18 വയസ്സാണെന്ന വ്യവസ്ഥ കോടതി ഇടപെട്ട് റദ്ദാക്കിയാൽ അവർക്ക് വിവാഹപ്രായം തന്നെ നിലവിൽ ഇല്ലാത്ത സാഹചര്യം ഉണ്ടാകുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്‌ത്രീകളുടെയും പുരുഷൻമാരുടെയും വിവാഹപ്രായം ഏകീകരിക്കുന്ന നിയമനിർമാണം പാസാക്കേണ്ടത് പാർലമെന്റാണ്. പാർലമെന്റിന്റെ അധികാരത്തിൽ ഇടപെടാൻ സാധിക്കാത്തതിനാൽ ഹർജി തള്ളുകയാണെന്നും കോടതി അറിയിച്ചു.