ന്യൂഡൽഹി: ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 10,000 രൂപ നഷ്ടപരിഹാരം ചുമത്തി സുപ്രീംകോടതി. ലഹരിമരുന്ന് കേസിൽ സാക്ഷി വിസ്താരത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി പിഴ ചുമത്തിയത്. മാർച്ച് 31ന് മുൻപ് വിചാരണ പൂർത്തിയാക്കാൻ ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ഹരജി അനാവശ്യമെന്ന് വിലയിരുത്തിയ കോടതി ചെലവായി 10,000 രൂപ അടയ്ക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കാൻ സഞ്ജീവ് ഭട്ട് ശ്രമിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുളള കേസ്. ഈ കേസിൽ മാർച്ച് 31 ന് മുൻപ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചത്.
കേസിലെ 60 സാക്ഷികളിൽ 16 പേരുടെ വിസ്താരം മാത്രം പൂർത്തിയായ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നും അതുവഴി നീതിയുക്തമായ വിചാരണ നേരിടാൻ അവസരം ഉണ്ടാക്കിത്തരണമെന്നുമാണ് ഭട്ടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അനാവശ്യമായ വാദമാണെന്ന് വിലയിരുത്തിയ കോടതി പിഴ ചുമത്തുകയായിരുന്നു. ഗുജറാത്ത് സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷൻ മനീന്ദർ സിങ് ആണ് ഹാജരായത്.