പുരുഷന്മാരെ സംബന്ധിച്ച് മിക്കവര്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മുഖത്ത് ഷേവ് ചെയ്യേണ്ടിവരാം. പല ജോലിസ്ഥാപനങ്ങളും ഷേവ് ചെയ്യാതിരിക്കാൻ ജീവനക്കാരെ അനുവദിക്കാറില്ല. അതിനാല്‍ തന്നെ കൂടെക്കൂടെ ഷേവിംഗ് ചെയ്യുന്നത് നിര്‍ബന്ധമായി വരാം.
എന്നാലോ, ചിലരിലാണെങ്കില്‍ ഷേവ് ചെയ്യുന്നത് മുഖചര്‍മ്മത്തെ കാര്യമായി തന്നെ ബാധിക്കാറുണ്ട്. മുഖത്ത് ചൊറിച്ചില്‍, കുരു, ചെറിയ മുഴകള്‍ പോലെ വീര്‍ത്തുവരുന്നത്, പാടുകള്‍ എന്നിവയെല്ലാമാണ് അധികവും പോസ്റ്റ്- ഷേവ് പ്രശ്നങ്ങളായി മുഖത്തുണ്ടാകാറ്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
എന്തുകൊണ്ടാണ് ഷേവ് ചെയ്തതിന് ശേഷം മുഖത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത് എന്ന് ചോദിച്ചാല്‍ ഇതിന് പല ഉത്തരങ്ങളാണ് വരിക. ഒന്നാമതായി സ്കിൻ വളരെയധികം ഡ്രൈ ആയിട്ടുള്ളവരിലാണ് ഈ സാധ്യത കൂടുതലും എന്ന് മനസിലാക്കുക.
ഇതിന് പുറമെ ഷേവ് ചെയ്യാനുപയോഗിക്കുന്ന ബ്ലേഡ്, ഷേവ് ചെയ്യുന്ന രീതി, ഷേവിംഗിന് മുമ്പോ ശേഷവോ മുഖത്ത് തേക്കുന്ന മറ്റ് പ്രോഡക്ടുകള്‍ എന്നിവയെല്ലാം ഷേവിംഗിന് ശേഷം പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കാം.
ചിലയാളുകളില്‍ ഷേവ് ചെയ്ത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത്തരം പ്രയാസങ്ങള്‍ കാണാം. ചിലരില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞാകാം ഇവ അനുഭവപ്പെടുന്നത്. സാധാരണഗതിയില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ കുരു, ചെറിയ മുഴകള്‍, ചൊറിച്ചില്‍, പാടുകള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഷേവിംഗിന് പിന്നാലെ വരിക.
ചെയ്യാവുന്ന കാര്യങ്ങള്‍…
ഷേവ് ചെയ്തതിന് ശേഷം ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ എല്ലായ്പോഴും മുഴുവനായി പരിഹരിക്കാൻ സാധിക്കണമെന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതില്‍ പ്രധാനം ഡ്രൈ സ്കിൻ ഉള്ളവര്‍ ഷേവിംഗിന് മുമ്പേ സ്കിൻ അല്പം മോയിസ്ചറൈസ്ച ചെയ്ത് വക്കാനാണ്.
ആറ്-12 മണിക്കൂര്‍ മുമ്പ് തന്നെ മോയിസ്ചറൈസര്‍ തേച്ച് സ്കിന്നിനെ ഒന്ന് പരുവപ്പെടുത്തിയെടുക്കുന്നത് നന്നായിരിക്കും.
ഷേവ് ചെയ്യുമ്പോള്‍ അസ്വസ്ഥതകള്‍ പതിവാണെങ്കില്‍ ഷേവിംഗ് സെറ്റ്, മറ്റ് പ്രോഡക്ടുകള്‍ എല്ലാം മാറ്റിനോക്കണം. എന്നിട്ടും പ്രശ്നങ്ങള്‍ തുടരുന്നുവെങ്കില്‍ ഷേവ് ചെയ്യുന്ന രീതിയിലാണ് ശ്രദ്ധിക്കേണ്ടത്.
ഷേവ് ചെയ്യുമ്പോള്‍ നീളത്തിലുള്ള രോമങ്ങള്‍ ആദ്യം കട്ട് ചെയ്ത ശേഷം മാത്രം ഷേവിംഗിലേക്ക് കടക്കാം. ഇത് ചര്‍മ്മത്തില്‍ സമ്മര്‍ദ്ദമുണ്ടാകുന്നത് കുറയ്ക്കും അതിന് അനുസരിച്ച് മറ്റ് പ്രശ്നങ്ങളും കുറയും.
അതുപോലെ രോമം വളര്‍ന്നിരിക്കുന്ന ദിശയില്‍ തന്നെയാണ് ഷേവ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷവും ചര്‍മ്മത്തിന് സമ്മര്‍ദ്ദമുണ്ടാകാം.
ചര്‍മ്മത്തിനകത്തേക്ക് ആഴത്തില്‍ പോയ രോമങ്ങള്‍ വലിച്ചെടുക്കാൻ ശ്രമിക്കാതിരിക്കുക. അത്തരം രോമങ്ങള്‍ വെട്ടിച്ചെറുതാക്കി നിര്‍ത്താനാണ് ശ്രമിക്കേണ്ടത്. കാരണം ആഴത്തില്‍ അകത്തേക്ക് പോയ രോമം പിഴുതെടുക്കുമ്പോള്‍ അവിടെ ചെറിയ മുറിവം സംഭവിക്കുകയും അണുബാധയുണ്ടാവുകയും ചെയ്യാം. പ്രത്യേകിച്ച് സ്കിൻ പ്രോഡക്ടുകളെല്ലാം അതിനകത്തേക്ക് പോയാല്‍ കാര്യമായ അണുബാധ തന്നെ സംഭവിക്കാം.
ഷേവിംഗ് ക്രീമുകളും വളരെ നല്ലത് തന്നെ തെരഞ്ഞെടുത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സോപ്പോ, ഷവര്‍ ജെല്ലോ ഒന്നും ഇതിനായി ഉപയോഗിക്കാതിരിക്കുക. ദീര്‍ഘനാള്‍ താടി വയ്ക്കുന്നുവെങ്കില്‍ രോമത്തിനകം എപ്പോഴും വൃത്തിയാക്കാനും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പിന്നീട് ഷേവ് ചെയ്യുമ്പോഴായിരിക്കും ഇവിടെയുള്ള സ്കിൻ പ്രശ്നത്തിലാവുക.