അങ്കമാലി: അപൂർവ രോഗമായ എസ്.എം.എ ബാധിച്ച കുഞ്ഞിന് സഹായ പ്രവാഹം. നെടുമ്പാശ്ശേരി മേയ്ക്കാട് സാരംഗ് – അതിഥി ദമ്പതികളുടെ മകൻ ഒന്നരവയസ്സുള്ള നിർവാണിന് ഒരാൾ 11 കോടിരൂപയാണ് സഹായമായി നൽകിയത്. തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഈ തുക നൽകിയത്. വിദേശത്ത് നിന്ന് ക്രൌഡ് ഫണ്ടിങ് വഴി സഹായം എത്തിക്കുകയായിരുന്നു.
പതിനേഴര കോടി രൂപയാണ് അപൂർവരോഗബാധിതനായ കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടത്. ഇനി 80 ലക്ഷം കൂടി ലഭിച്ചാൽ കുഞ്ഞിന്റെ ചികിത്സ നടത്താം. വലിയൊരു തുക ഒരുമിച്ച് ലഭിച്ചതോടെ ഏറെ ആശ്വാസത്തിലാണ് സാരംഗും അതിഥിയും.
കഴിഞ്ഞ മാസമാണ് നിർവാണിന് ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ട് വയസ് പൂർത്തിയാവുന്നതിന് മുൻപ് മരുന്ന് നൽകിയാലേ കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ. അമേരിക്കയിൽ നിന്ന് മരുന്നെത്തിക്കാൻ 17 കോടിയിലേറെയാണ് ചെലവ് വരിക. മർച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ സാരംഗിനും, അതിഥിയ്ക്കും ജീവിതത്തിലെ മുഴുവൻ സമ്പാദ്യമെടുത്താലും ഈ വലിയ തുക കണ്ടെത്താനാവില്ല.
80 ലക്ഷം കൂടി ലഭിച്ചാൽ കുഞ്ഞിനാവശ്യമായ മരുന്നെത്തിക്കാനും അതുവഴി കുഞ്ഞിൻ്റെ ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Bank Name: RBL Bank
Account Number:2223330027465678
Account name; Nirvaan A Menon
IFSC code: RATN0VAAPIS