പാലക്കാട്: എറണാകുളത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസിനെ ഇറക്കി സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതാകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
നികുതിക്കൊള്ളക്കെതിരെ എറണാകുളത്ത് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ 140തോളം പൊലീസുകാര്‍ പ്രവര്‍ത്തകരെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. കളമശേരി, തൃപ്പൂണിത്തുറ സി.ഐമാരുടെ നേതൃത്വത്തില്‍ പട്ടിയെ അടിക്കുന്നതു പോലെയാണ് ഞങ്ങളുടെ കുട്ടികളെ നേരിട്ടത്. നികുതിക്കൊള്ളക്കെതിരായ സമരം ഇതോടെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മര്‍ദനം. സമരം ഇങ്ങനെ അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഇങ്ങനെയാണ് സമരത്തെ നേരിടുന്നതെങ്കില്‍ മുഖ്യമന്ത്രിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കും.
പ്രതിപക്ഷത്തിന് സത്യഗ്രഹം മാത്രമെ അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ ആയിരം പൊലീസുകാരുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങുന്നത്. സംഭവം അന്വേഷിച്ചെത്തിയ ഷാഫി പറമ്പില്‍ എം.എല്‍.എയെയും ഡി.സി.സി അധ്യക്ഷനെയും കളമശേരി സി.ഐ ആക്രമിച്ചു. മിവ ജോളിയെന്ന കെ.എസ്.യു നേതാവിനെ ആക്രമിച്ചതും ഇതേ സി.ഐയാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഷാഫി പറമ്പിലിനെയും ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷന്‍ ഉപരോധം അവസാനിപ്പിച്ചത്. നടപടിയെടുത്തില്ലെങ്കില്‍ പതിന്‍മടങ്ങ് ശക്തിയോടെ സമരവുമായി മുന്നോട്ട് പോകും. അടിച്ചമര്‍ത്തി സമരത്തെ ഇല്ലാതാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. അസലായി സമരം ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ആരും വീട്ടില്‍ കയറില്ല. പക്ഷെ മുഖ്യമന്ത്രിക്ക് വീട്ടില്‍ കയറേണ്ടി വരും. എം.എല്‍.എമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ എല്ലാവരും തെരുവില്‍ ഇറങ്ങാന്‍ പോകുകയാണ്.
പൊലീസ് അതിക്രമം പേടിച്ച് എല്ലാവരും സമരം നിര്‍ത്തി വീട്ടില്‍ കയറുമെന്നത് വെറും തോന്നലാണ്. പ്രതിപക്ഷത്തിന് സത്യഗ്രഹ സമരം മാത്രമല്ല അറിയുന്നതെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. വിഷയം മാറ്റാനാണ് മുഖ്യമന്ത്രി ആര്‍.എസ്.എസുമായി ഇറങ്ങിയിരിക്കുന്നതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.