ബംഗളൂരു: ജീവനക്കാർ 18 മണിക്കൂർ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവാദ നായകനായ ബോംബെ ഷേവിങ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ശന്തനു ദേശ്പാണ്ഡെക്കെതിരെ പുതിയ വിമർശനം. ലിങ്ക്ഡ്ഇൻ പോസ്റ്റിന്റെ പേരിലാണ് ദേശ്പാണ്ഡെ രൂക്ഷ വിമർശനം നേരിടുന്നത്.തന്റെ ഓഫീസിലെ ജീവനക്കാരൻ ഓട്ടോയിലിരുന്ന ഉറങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കമ്പനിയുടെ തിളങ്ങുന്ന വജ്രമാണെന്നും അദ്ദേഹത്തിന്റെ ആത്മാർഥത വളരെ വലുതാണെന്നും തുടങ്ങി ജീവനക്കാരനെ കുറിച്ച് വാതോരാതെ വിവരിക്കുന്ന പോസ്റ്റിനാണ് വൻ വിമർശനം നേരിടേണ്ടി വന്നത്.
ശങ്കി ചൗഹാൻ എന്ന ജീവനക്കാരന്റെ ചിത്രമാണ് ദേശ് പാണ്ഡെ പങ്കുവെച്ചത്. അദ്ദേഹം കമ്പനിയുടെ ഹൃദയമിടിപ്പാണ്. അദ്ദേഹം കമ്പനിയെ സ്നേഹിക്കുന്നു. ജോലിയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങും. അദ്ദേഹം അമൂല്യ സ്വത്താകുമ്പോഴും അദ്ദേഹത്തെ വിശ്രമത്തിന് ഞങ്ങൾ നിർബന്ധിക്കേണ്ടി വരുന്നു. ഞങ്ങൾ എപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്നു. അത് അദ്ദേഹത്തിന്റെ ആത്മാർഥതയാണെന്ന് ഞങ്ങൾ മനസിലാക്കുന്നു – സി.ഇ.ഒ കുറിച്ചു.
മാരത്തൺ മീറ്റിങ്ങിന് ശേഷം രാവിലത്തെ വിമാനം പിടിക്കാനായി ഓട്ടോയിൽ കയറിയപ്പോൾ ഉറങ്ങിയ ശങ്കിയുടെ ഫോട്ടോയാണ് ദേശ്പാണ്ഡെ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്.
ഇത്തരം അധ്വാനത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റിനെതിരെ രൂക്ഷവിമർശനമാണ് നെറ്റിസൺസ് ഉന്നയിക്കുന്നത്.‘ബോംബെ സ്ലേവിങ് കമ്പനി’ എന്നാണ് ഒരാൾ പരാമർശിച്ചത്. ജീവനക്കാർക്ക് വേണ്ടത്ര ഉറക്കം പോലും നൽകാതെ അതിനെ മഹത്വ വൽക്കരിക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സി.ഇ.ഒയുടെ ഇത്തരം അഭിപ്രായങ്ങൾ ജീവനക്കാരിൽ ഇതുപോലെ ചെയ്യാനുള്ള സമ്മർദത്തിന് വഴിവെക്കുമെന്നും അത് നല്ലതല്ലെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.