ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ ഭീമൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് ഒരു മാസത്തിനിടെയുണ്ടായത് 11 ലക്ഷം കോടിയുടെ നഷ്ടം. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം വിപണിമൂല്യത്തിൽ അദാനിക്ക് വൻ നഷ്ടമുണ്ടാകുകയായിരുന്നു. ഇതോടെ വിപണിമൂല്യത്തിൽ 100 ബില്യൺ ഡോളറിൽ താഴെയുള്ള കമ്പനിയായി അദാനി മാറി.
ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 10 അദാനി കമ്പനികളുടെ ഓഹരി വില 55 ശതമാനം ഇടിഞ്ഞിരുന്നു. ഫെബ്രുവരി 21ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 8.2 ലക്ഷം കോടിയാണ്. ജനുവരി 24ന് ഇത് 19.2 ലക്ഷം കോടിയായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം വൻ തകർച്ചയാണ് അദാനി നേരിട്ടത്.
അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോർട്ടിലുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും ഉയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.