കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ആരേയും പ്രതി ചേർക്കാൻ തെളിവ് കിട്ടിയിട്ടില്ല എന്ന് പൊലീസ് അറിയിച്ചതായി മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ. കൂടുതൽ അന്വേഷണം നടക്കുകയാണ്. മോഷണക്കുറ്റം ആരോപിച്ച് ആളുകൾ ചോദ്യം ചെയ്തെന്ന് പറയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒരു ഭാഗത്ത് സിസിടിവി ക്യാമറകൾ ഇല്ലെന്നുംപൊലീസ് അറിയിച്ചതായി കമ്മീഷൻ പറഞ്ഞു
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ ആണ് ഇന്നലെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികൾ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്‍. മൊബൈൽ ഫോണും പണവും കാണാതായെന്ന് ആരോപിച്ച് കൂട്ടിരിപ്പുകാരിൽ ചിലരാണ് വിശ്വനാഥനെ കൂട്ടംചേർന്ന് ചോദ്യം ചെയ്തത്. അപമാന ഭാരത്താൽ ഓടിപ്പോയ വിശ്വനാഥൻ പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്ന് കിട്ടിയ വിശ്വനാഥന്‍റെ ഷർട്ടിന്‍റെ പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത് കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നു