റിയാദ്: സൗദി പൊതുവിനോദ അതോറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പരായണ, ബാങ്ക് വിളി മത്സരങ്ങളിലെ രണ്ടാംഘട്ട മത്സരത്തിലേക്ക് യോഗ്യത നേടിയവരുടെ എണ്ണ 2,116 ആയി. ‘അത്തറുൽ കലാം’ (പെർഫ്യൂം ഓഫ് വേർഡ്സ്) എന്ന പേരിൽ നടത്തുന്ന മത്സരങ്ങളിലേക്ക് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത അരലക്ഷത്തില്‍ പരം ആളുകളിൽ നിന്നാണ് ഇത്രയും പേരെ രണ്ടാംറൗണ്ടിലേക്ക് തെരഞ്ഞെടുത്തതെന്ന് അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പറഞ്ഞു.
മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് അഞ്ച് വയസ്സും ഏറ്റവും പ്രായം കൂടിയ ആൾക്ക് 104 വയസ്സുമുണ്ടെന്ന് ആലുശൈഖ് പറഞ്ഞു. ലോകമെമ്പാടുംനിന്ന് 165 രാജ്യക്കാർ പങ്കെടുക്കുന്ന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന തുക ആകെ ഒരു കോടി 20 ലക്ഷം റിയാൽ ആണ്. ഖുർആന്റെ പാരായണത്തിലും ബാങ്ക് വിളിയിലും മനോഹരമായ ശബ്ദങ്ങൾ കണ്ടെത്താനാണ് മത്സരം ലക്ഷ്യമിടുന്നത്. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിലെ ലോകത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണിതെന്നും ആലുശൈഖ് പറഞ്ഞു.