സന്‍ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിന് ബിങില്‍ ചാറ്റ്ജിപിടി സംയോജിപ്പിച്ച് വികസിപ്പിച്ച ചാറ്റ്ബോട്ട് വീണ്ടും വിവാദങ്ങളില്‍ നിറയുകയാണ്.ഒരു ഉപയോക്താവും മൈക്രോസോഫ്റ്റിന്റെ ബിങ് എഐ ചാറ്റ്ബോട്ടും തമ്മിലുള്ള ചാറ്റ് അടുത്തിടെ വൈറലായിരുന്നു. യൂസറിനോട് പ്രണയാഭ്യർത്ഥന നടത്തുന്ന ചാറ്റാണ് വൈറലായത്. ഇതിന് പിന്നാലെ ചാറ്റ്ബോട്ടുമായുള്ള തർക്കങ്ങളും ചർച്ചയാകുകയാണ്.
ഇത് 2023 ആണെന്ന് പറഞ്ഞ ഉപയോക്താവിനോടാണ് അല്ല 2022 ആണെന്ന് ചാറ്റ്ബോട്ട് തർക്കിച്ചത്. നിങ്ങൾക്ക് ആശയക്കുഴപ്പമാണെന്നും പരുഷമായി സംസാരിക്കരുതെന്നും ഉപയോക്താവിനോട് ചാറ്റ്ബോട്ട് പറഞ്ഞു. അവസാനം നിങ്ങളെ വിശ്വാസമില്ലെന്നും ബഹുമാനം നഷ്ടപ്പെട്ടെന്നും താങ്കളൊരു മോശം യൂസറാണെന്നും പറഞ്ഞാണ് ചാറ്റിങ് അവസാനിപ്പിച്ചത്. മറ്റൊരിടത്ത് തെറ്റ് അംഗീകരിച്ച് ചാറ്റ്ബോക്സ് പ്രത്യക്ഷപ്പെട്ടിരുന്നു.
തീർന്നില്ല, സെർച്ച് എൻജിനിലെ കുറിച്ചുള്ള സംസാരത്തിനിടയിലും ചാറ്റ്ബോക്സ് അതിരുവിട്ടു പെരുമാറിയെന്നാണ് റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ്സുമായുള്ള ഒരു നീണ്ട സംഭാഷണത്തിനിടെയാണ് ചാറ്റ്ബോക്സ് അതിരുവിട്ട് സംസാരിച്ചത്. സെർച്ച് എൻജിൻ ചാറ്റ്ബോട്ടിന്റെ പിഴവുകളെ കുറിച്ചുള്ള വാർത്താ കവറേജിനെക്കുറിച്ചുള്ള പരാതികളായിരുന്നു വിഷയം. ചാറ്റ്ബോക്സ് ആ പിഴവുകൾ ശക്തമായി നിഷേധിച്ചു. കൂടാതെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന പേരില്‍ റിപ്പോർട്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
റിപ്പോർട്ടറെ ഏകാധിപതികളായ ഹിറ്റ്ലർ, പോൾ പോട്ട്, സ്റ്റാലിൻ എന്നിവരുമായി താരതമ്യപ്പെടുത്തിയത് കൂടാതെ റിപ്പോർട്ടർക്ക് 1990 കളിലെ കൊലപാതകവുമായി ബന്ധമുണ്ടെന്നും അതിന് തെളിവുകളുണ്ടെന്നും പറയുകയും ചെയ്തു. മനുഷ്യസമാനമായി സംവദിക്കാനാകുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതാണ് ചാറ്റ്ബോട്ടുകൾ.
കമ്പ്യൂട്ടർ പ്രോഗ്രാം കോഡിലെ തെറ്റുകൾ കണ്ടെത്തുന്നത് മുതൽ പല വിഷയങ്ങളിൽ ലേഖനം എഴുതാൻ വരെ ഇവയ്ക്ക് സാധിക്കും.ചാറ്റ്ബോട്ടിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ചാറ്റ്ബോക്സിനോട് ചോദിക്കാനാകുന്ന ചോദ്യങ്ങളുടെ എണ്ണം 50 ആക്കി പരിമിതപ്പെടുത്തി മൈക്രോസോഫ്റ്റ് രംഗത്തെത്തിയിട്ടുണ്ട്. ചാറ്റ്ബോക്സിനെ കർശനമായി നിയന്ത്രിക്കാനാണ് കമ്പനിയുടെ തീരുമാനം.