പാലക്കാട് : 15 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിക്ക് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയപാടത്ത് വീട്ടിൽ ശശിക്കാണ് (25) ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധികതടവനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ 12 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി. 2017-ലാണ് കേസിന് ആസ്പദമായ സംഭവം. പലപ്പോഴായി ശശി പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐ. ആയിരുന്ന ഹിദായത്തുള്ള മാമ്പ്ര അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.