നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ തങ്ങളെ ഏറെ രസിപ്പിച്ച ഒരു കലാകാരിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് മലയാളികള്‍. അതേസമയം സുബിയുടെ വ്യക്തിപരമായ വിവരങ്ങളൊക്കെ അറിയാവുന്ന സുഹൃത്തുക്കളെ സംബന്ധിച്ച് അതിന്‍റെ ആഘാതം വലുതാണ്. ജീവിതത്തിലെ വലിയ സന്തോഷങ്ങളില്‍ ഒന്നിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കെയായിരുന്നു സുബിയുടെ വിയോഗമെന്ന് അവര്‍ക്ക് അറിയാം. വിവാഹം ഏറെക്കുറെ തീരുമാനിച്ചുറപ്പിച്ച ഘട്ടത്തിലാണ് സുബി വിട പറഞ്ഞിരിക്കുന്നത്.
മുന്‍പ് ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ സുബി ഇതേക്കുറിച്ച് പറഞ്ഞിരുന്നു. സ്വതസിദ്ധമായ നര്‍മ്മത്തോടെയായിരുന്നു ഇക്കാര്യവും സുബി പ്രേക്ഷകരുമായി പങ്കുവച്ചത്. ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്‍റെ താലിമാലയ്ക്കു വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്, സുബി പറഞ്ഞിരുന്നു. സുബിയുടെ വിയോഗ വാര്‍ത്ത വന്നതിനു പിന്നാലെ ഏഷ്യാനെറ്റ് ന്യൂസില്‍ പ്രതികരിക്കവെ സുബിയുടെ സുഹൃത്തും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ എസ് പ്രസാദും ഇക്കാര്യം പറയുന്നുണ്ട്.
വിവാഹം കഴിക്കണമെന്ന് കഴിഞ്ഞൊരു മൂന്ന് വര്‍ഷമായി ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു. അമ്മയോട് സംസാരിക്കുമായിരുന്നു. വിവാഹം അടുത്ത് നടക്കുമെന്ന ഘട്ടത്തിലാണ് ഈ അത്യാഹിതം ഉണ്ടാവുന്നത്. രാഹുല്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേര്. കലാഭവന്‍റെ പ്രോഗ്രാംസ് ചെയ്യുന്ന ആളാണ്. രാഹുല്‍ തന്നെയാണ് രാവിലെ എന്നെ ഇത് വിളിച്ച് പറഞ്ഞത്. അഞ്ച് മിനിറ്റേ ആയുള്ളൂ പ്രസാദേട്ടാ, പോയി എന്ന് പറഞ്ഞു- കെ എസ് പ്രസാദ് പ്രതികരിച്ചു. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് എപ്പോഴും ആഗ്രഹം പറഞ്ഞിരുന്ന സുബി രാഹുലിനെ പരിചയപ്പെടുന്നത് ഒരു കാനഡ പ്രോഗ്രാമിനിടെ ആയിരുന്നു.
2000 കാലഘട്ടത്തില്‍ ഗള്‍ഫ് ഷോകളില്‍ പോകുന്ന സമയം മുതലേ സുബി ഞങ്ങളോടൊപ്പമുണ്ട്. സൂപ്പര്‍ കോമഡി ഷോ മുതല്‍. രണ്ട് മാസം മുന്‍പ് കണ്ടതാണ്. പക്ഷേ ഒരു മൂന്നാഴ്ചയായിട്ട് ആശുപത്രിയില്‍ ആണ്. മഞ്ഞപ്പിത്തം വന്നു. കരളിനെ ബാധിച്ചു. കരള്‍ മാറ്റിവെക്കണം എന്നൊരു അവസ്ഥ വന്നു. സഹോദരിയുടെ മകനോ മകളോ കരള്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. പ്രശ്നം മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍, ഒരാഴ്ച മുന്‍പ് വരെ. പക്ഷേ ഒരു അഞ്ചാറ് ദിവസം മുന്‍പാണ് പറയുന്നത് കരള്‍ മാറ്റിവെക്കുന്നതിന് എന്തോ തടസ്സമുണ്ടെന്ന്. ഒരാഴ്ച കൂടി കാത്തിരുന്നതിനു ശേഷം കരള്‍ മാറ്റിവെക്കാം എന്ന് പറഞ്ഞു. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ വാര്‍ത്ത എത്തുന്നത്, കെ എസ് പ്രസാദ് പറയുന്നു.