ഇസ്‍ലാമാബാദ് ∙ സഹോദരനും സഹോദരിയും തമ്മിലുള്ള ശാരീരിക ബന്ധത്തെക്കുറിച്ച് വിവരിക്കാനാവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഒരു സർവകലാശാലയുടെ ചോദ്യപേപ്പർ. ഇസ്‍ലാമാബാദ് ആസ്ഥാനമായുള്ള ‘COMSATS’ യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷയിലാണ് വിചിത്രമായ ഈ ചോദ്യവും ഇടംപിടിച്ചത്. ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, സംഭവം വിവാദവുമായി. സർവകലാശാലയുടെ ചാൻസലറിനെയും വൈസ് ചാൻസലറിനെയും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ ഡിസംബറിൽ ബാച്ചിലർ ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിങ് (ബിഇഇ) വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷയിൽ നിന്നുള്ളതാണ് വിവാദ ചോദ്യം. ചോദ്യപേപ്പറിലെ വിവാദ ഭാഗം ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. സഹോദരങ്ങളായ ജൂലി, മാർക്ക് എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പാരഗ്രാഫ് നൽകിയ ശേഷമാണ് വിവാദ ചോദ്യം. സഹോദരങ്ങളായ ഇരുവരും മുൻകരുതലുകളെല്ലാം കൈക്കൊണ്ട ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് പാരഗ്രാഫിൽ വിശദീകരിക്കുന്നത്.
‘ഇതേക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു? അവരുടെ ശാരീരിക ബന്ധം ശരിയായ നടപടിയാണോ?’ – ഇതായിരുന്നു ചോദ്യം. നൽകുന്ന ഉത്തരത്തെ സാധൂകരിക്കാനും സ്വന്തം അനുഭവങ്ങളിൽ നിന്ന് ഉദാഹരണങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 300 വാക്കുകൾ വേണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ഈ ചോദ്യത്തിനെതിരെ രൂക്ഷമായ വിമർശനമാണ് എല്ലാ കോണുകളിലും നിന്ന് ഉയർന്നത്. ‘‘തികച്ചും ലജ്ജാകരം. ഈ സർകലാശാല ഉടൻ അടച്ചു പൂട്ടുകയും ഇത്തരം ചോദ്യങ്ങൾ തയാറാക്കുന്ന അധ്യാപകരെ പുറത്താക്കുകയും വേണം. ഈ ചോദ്യം തയാറാക്കിയയാൾ ആരായാലും ജയിലിലടയ്ക്കണം. ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്താൻ ഇവർക്കെങ്ങനെ ധൈര്യം വന്നു?’ – നടിയും ഗായികയുമായ മിഷി ഖാൻ ട്വിറ്ററിൽ കുറിച്ചു.
‘പാക്കിസ്ഥാനിലെ പ്രധാന സർവകലാശാലകളെല്ലാം പാക്കിസ്ഥാനിയെ യുവജനങ്ങളെയും സംസ്കാരത്തെയും മതപരമായ മൂല്യങ്ങളെയും നശിപ്പിക്കാനുള്ള ശ്രമത്തിലാണ്’ – ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഷെഹര്യാർ ബുഖാരി ട്വിറ്ററിൽ കുറിച്ചു.