തിരുവനന്തപുരം ∙ ഇസ്രയേലിലേക്കു തീർഥയാത്ര പോയ സംഘത്തിലെ ആറു പേർ അവിടെവച്ചു മുങ്ങിയ സംഭവത്തിനു പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയതെന്ന് സംശയിക്കുന്നതായി ഫാ.ജോർജ് ജോഷ്വ പറഞ്ഞു. വൻ സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. പാസ്പോർട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തിൽ 69 വയസ്സുള്ള അമ്മമാർ പോലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
26 അംഗ യാത്രാ സംഘത്തിലുൾപ്പെട്ട ഷൈനി രാജു, രാജു തോമസ്, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രയേലിൽവച്ച് അപ്രത്യക്ഷരായെന്നാണ് പരാതി. 2006 മുതൽ തീർഥാടകരുമായി താൻ ഇസ്രയേൽ സന്ദർശിക്കുന്നതാണെന്ന് ഫാ. ജോർജ് ജോഷ്വ നൽകിയ പരാതിയിൽ പറയുന്നു. ഫെബ്രുവരി 11ന് 26 അംഗ സംഘവുമായി ഇസ്രയേലിൽ എത്തിയപ്പോഴാണ് ആറു പേരെ കാണാതായത്. സംഘത്തിൽനിന്ന് മുങ്ങിയവരുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.
‘‘ഞാൻ 2006 മുതൽ വിശുദ്ധ നാടു സന്ദർശനത്തിനു നേതൃത്വം നൽകുന്നതാണ്. പൂർണമായും ആത്മീയ തലത്തിൽ നടത്തുന്നൊരു യാത്രയാണിത്. ഇത്ര കാലത്തിനിടെ ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത് ഇതാദ്യമാണ്. കോവിഡിനു ശേഷമുണ്ടായൊരു രീതിയാണിതെന്നു തോന്നുന്നു. കഴിഞ്ഞ ദിവസം സർക്കാരിന്റെ സംഘത്തിൽ നിന്ന് ഒരാൾ പോയില്ലേ. അത് സർക്കാരിന്റെ കുഴപ്പമല്ല.’ – ഫാ.ജോർജ് ജോഷ്വ പറഞ്ഞു.
‘‘കൊണ്ടുപോകുന്ന ആളുകളെ നാം എത്ര തന്നെ നിരീക്ഷിച്ചാലും കാര്യമില്ല. നമ്മളെ വിശ്വസിപ്പിക്കുന്ന രീതിയിലാണ് അവർ പെരുമാറുക. ഇതിനു പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് എന്റെ സംശയം. ഇവരെ കാണാതായ അന്നു തന്നെ ഞാൻ അവിടുത്തെ ഇമിഗ്രേഷൻ പൊലീസിനെ ഇ മെയിലിൽ വിവരമറിയിച്ചിരുന്നു. മറുപടി ലഭിക്കാത്തതുകൊണ്ട് പിന്നീട് ലോക്കൽ പൊലീസിനെയും അറിയിച്ചു. അവർ അപ്പോൾത്തന്നെ വന്ന് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി’ – ഫാ. ജോർജ് ജോഷ്വ വിശദീകരിച്ചു.
‘യാത്രയ്ക്കു ശേഷം 19–ാം തീയതി വൈകിട്ടാണ് ഞാൻ തിരിച്ചെത്തിയത്. 21–ാം തീയതി തന്നെ ഡിജിപിക്ക് പരാതി നൽകി. അതാണല്ലോ ശരിയായ രീതി. അദ്ദേഹം അപ്പോൾത്തന്നെ എനിക്ക് മറുപടിയായി മെയിൽ അയച്ചു. ഈ കേസിന്റെ കാര്യം പ്രത്യേക ടീമിനെ ഏൽപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.’ – അദ്ദേഹം പറഞ്ഞു.
‘‘ആദ്യമേ ഇവരെ കാണാനില്ലെന്ന ധാരണയിലാണ് ഞങ്ങൾ പരാതി നൽകിയത്. പക്ഷേ, മനഃപൂർവം പോയതാണെന്ന് ഇപ്പോൾ ഉറപ്പായി. ഇത്തരം യാത്രകൾക്ക് വീസ പോലുമില്ല. സർക്കാർ അയച്ച സംഘത്തിലുള്ളവർക്ക് കിട്ടിയത് വീസയാണ്. പക്ഷേ, ഇവിടെ അതുമില്ല. ഏതാനും ദിവസത്തേക്ക് അവിടെ പോയി വരാനുള്ള പെർമിറ്റ് മാത്രമാണ് കിട്ടുന്നത്. പോയ ആറു പേരിൽ 69 വയസ്സുള്ള അമ്മമാർ വരെയുണ്ട്. ഇവരൊക്കെ അവിടെ എന്തു ജോലി ചെയ്യുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും അവിടം പരിചയമുള്ള ആൾക്കാരുടെ പിന്തുണയില്ലാതെ ഇങ്ങനെ മുങ്ങാൻ സാധിക്കില്ല.’ – ഫാ.ജോർജ് ജോഷ്വ ചൂണ്ടിക്കാട്ടി.