ലക്നൗ ∙ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച ഭോജ്‌പുരി നാടൻപാട്ടുകാരി നേഹ സിങ് റാത്തോഡിനു നോട്ടിസ് അയച്ച് യുപി പൊലീസ്. ‘യുപി മേം കാ ബാ’ (എന്തുണ്ട് യുപിയിൽ) എന്ന പേരിലുള്ള ഗാനത്തിന് എതിരെയാണു നടപടി. സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണു നേഹയുടെ പാട്ട് പുറത്തുവന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാരിനെ കടുത്ത രീതിയിൽ നേഹ വിമർശിച്ചിരുന്നു. കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതി, ലഖിംപുർ ഖേരി കലാപം, ഹത്രസ് പീഡനം തുടങ്ങിയ കാര്യങ്ങളും പാട്ടിൽ ഉന്നയിച്ചു. പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നതാണ് പാട്ടെന്നു ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ നോട്ടിസ്. മറുപടി തൃപ്തികരമല്ലെങ്കിൽ കേസെടുക്കും. കാൻപുരിൽനിന്നു പൊലീസ് സംഘം നേരിട്ട് വീട്ടിലെത്തിയാണു നോട്ടിസ് കൈമാറിയത്.
‘യുപി മേം സാബ് കാ’ (യുപിയിൽ എല്ലാമുണ്ട്) എന്ന തിരഞ്ഞെടുപ്പ് പ്രചാരണഗാനം ബിജെപി എംപി രവി കിഷൻ റിലീസ് ചെയ്തതിനു പിന്നാലെ ആയിരുന്നു നേഹയുടെ പാട്ട് വന്നത്. ഈ നടപടിയോടെ യുപി സർക്കാരിന്റെ വികൃതമുഖമാണ് വെളിവായതെന്നു സമാജ്‍വാദി പാർട്ടി വിമർശിച്ചു. മുഖത്തിനു നേർക്കു കണ്ണാടി കാണിക്കുന്നവരെ സർക്കാരിനു ഭയമാണെന്നും അവർക്കു നോട്ടിസ് അയയ്ക്കുകയാണെന്നും സമാജ്‍വാദി പാർട്ടി കുറ്റപ്പെടുത്തി.
സർക്കാർ ഭൂമി കയ്യേറി എന്നാരോപിച്ച് ബുൾഡോസർ കൊണ്ട് വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാൻപുരിലെ ദെഹത് ഗ്രാമത്തിൽ പ്രമീള ദീക്ഷിത് (45), മകൾ നേഹ (20) എന്നിവരാണു മരിച്ചത്. ഇരുവരെയും തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് കൃഷ്ണ ഗോപാൽ ദീക്ഷിത് ആരോപിച്ചു. രോഷാകുലരായ നാട്ടുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഉദ്യോഗസ്ഥരും പൊലീസും അടക്കം 39 പേർക്കെതിരെ കേസെടുത്ത സർക്കാർ, സബ് ഡിവിഷനൽ മജിസ്ട്രേട്ട് ജ്ഞാനേശ്വർ പ്രസാദിനെ സസ്പെൻഡ് ചെയ്തു.