മുട്ട വളരെ പോഷകഗുണമുള്ള ഭക്ഷണവും പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കാനോ ശരീരഭാരം കുറയ്ക്കാനോ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട ഭക്ഷണമാണ് മുട്ട. എന്നിരുന്നാലും, ഹൃദയാരോഗ്യത്തിലും ശരീരഭാരം കുറയ്ക്കുന്നതിലും അവയുടെ സ്വാധീനം വർഷങ്ങളായി ചർച്ചാവിഷയമാണ്.
സമീകൃതാഹാരത്തിന്റെ ഭാഗമായി മുട്ട കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അവയിലെ ഉയർന്ന കൊളസ്ട്രോൾ ഉള്ളടക്കം ആളുകൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മിക്ക ആളുകളുടെയും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ ഭക്ഷണത്തിലെ കൊളസ്ട്രോൾ താരതമ്യേന ചെറിയ സ്വാധീനം ചെലുത്തുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഹൃദയസംബന്ധമായ അപകടസാധ്യത വർദ്ധിക്കുന്നതും മുട്ട കഴിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പാരമ്പര്യമായി ഹൃദ്രോഗ പ്രശ്നമുണ്ടെങ്കിൽ പതിവായി മുട്ട കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഡോക്ടർ സമ്മതിച്ചാൽ മാത്രം മുട്ട കഴിക്കാം. പ്രോട്ടീന്റെ മികച്ച ഉറവിടമായതിനാൽ വിശപ്പ് കുറയ്ക്കാൻ മുട്ട സഹായിക്കും. കാർബോഹൈഡ്രേറ്റ് അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് മുട്ട അടിസ്ഥാനമാക്കിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകൾ ദിവസം മുഴുവൻ കലോറി ഉപഭോഗം കുറവാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
മുട്ട കഴിക്കുന്നത് ഒരു വ്യക്തിയുടെ കൊളസ്ട്രോളിന്റെ അളവിനെ നേരിട്ട് ബാധിക്കില്ല എന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. 2021 ഡിസംബറിലെ ഹാർവാർഡ് ഹെൽത്ത് പബ്ലിഷിങ് റിപ്പോർട്ടിൽ ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ദിവസം ഒരു മുട്ട വീതം കഴിക്കുന്നവർ സുരക്ഷിതരാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഇവരിലെ മൊത്തം കൊളസ്ട്രോളിന്റെ അളവിനെ ഇത് കാര്യമായി ബാധിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. ദിവസത്തിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് പച്ചക്കറികൾ ചേർത്ത ഓംലെറ്റ് ഉൾപ്പെടുത്തുക. നിങ്ങളുടെ മുട്ടയുടെ പോഷകമൂല്യവും സ്വാദും വർദ്ധിപ്പിക്കുന്നതിന് അവ അമിതമായി വേവിക്കുന്നത് ഒഴിവാക്കുക.