ചെന്നൈ: അണ്ണാ ഡിഎംകെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് സുപ്രിംകോടതി വിധി പറയുന്നു. കഴിഞ്ഞ വർഷം ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിനെതിരെ ഒ പനീർശെൽവം വിഭാഗം നൽകിയ ഹർജിയിലാണ് കോടതി വിധി പറയുന്നത്. എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഈ യോഗത്തിലായിരുന്നു.
ജയലളിതയുടെ മരണ ശേഷം, ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി, കോ ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ എന്ന പദവികൾ നിലനിർത്തിയാണ് നേരത്തെ പാർട്ടി ബൈലോയിൽ മാറ്റങ്ങൾ വരുത്തിയത്. ഇത് തിരുത്തി ജനറൽ സെക്രട്ടറി സ്ഥാനം തിരിച്ചുകൊണ്ടു വന്ന്, പഴനിസാമി വിഭാഗം നടത്തിയ ജനറൽ കൗൺസിലിന് സാധുതയില്ലെന്നാണ് ഒപിഎസ് വിഭാഗം വാദിക്കുന്നത്. കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതിനല്‍കാന്‍ ഈമാസം 16 വരെ സമയമനുവദിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷികേസ് റോയ് എന്നിവരുടെ ബെഞ്ച് കേസ് നേരത്തെ വിധിപറയാന്‍ മാറ്റിയത്.
എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജൂലായ് 11-ന് തിരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള തല്‍സ്ഥിതി തുടരണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരേയാണ് ഒ. പനീര്‍ശെല്‍വം സുപ്രീംകോടതിയിലെത്തിയത്.