കുട്ടികളെ നോക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അത് പലപ്പോഴും അമ്മയാണ് ചെയ്യേണ്ടി വരാറുള്ളതും. അതിനിടയിൽ അമ്മയ്ക്ക് ചിലപ്പോൾ താനിഷ്ടപ്പെടുന്ന കാര്യങ്ങളൊന്നും ചെയ്യാൻ കഴിയണം എന്നില്ല, എന്തിന് വീട്ടിലെ പണികൾ പോലും മര്യാദയ്ക്ക് ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല. മിക്കവാറും കുട്ടികൾ സ്കൂളിലൊക്കെ പോകാറാകുമ്പോഴായിരിക്കും അമ്മയ്ക്ക് തനിക്കായി അൽപനേരം കിട്ടുന്നത്. എന്നാൽ, ഇവിടെ ഒരമ്മ മക്കൾ കാരണം തനിക്ക് തന്റേതായ കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നും അതിനാൽ താനവരെ ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി എന്ന് പറഞ്ഞതിന് വിമർശനം നേരിട്ടു.
ഗബ്രിയേല ഡൻ എന്നാണ് അമ്മയുടെ പേര്. ഇവർക്ക് രണ്ട് കുട്ടികളാണ്. അവരെ രണ്ട് പേരെയും ഒരു തുറന്ന കാർഡ്ബോർഡ് പെട്ടിയിലാക്കുകയാണ് ഗബ്രിയേല ചെയ്തത്. തനിക്ക് വീട്ടിൽ ചെയ്ത് തീർക്കാനുണ്ടായിരുന്ന കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനാണ് താൻ അങ്ങനെ ചെയ്തത് എന്നാണ് ഗബ്രിയേല പറയുന്നത്. അടുത്തിടെ ടിക്ടോക്കിലാണ് ഇത് സംബന്ധിച്ച വീഡിയോ ഗബ്രിയേല പോസ്റ്റ് ചെയ്തത്. അതിൽ തന്റെ മൂത്ത മകളെയും ഇളയ കുട്ടിയേയും അവർ കുറച്ച് ക്രയോണുകൾക്കൊപ്പം ഒരു കാർഡ്ബോർഡ് ബോക്സിലാക്കിയിരിക്കുന്നത് കാണാം.
കുട്ടികളുടെ ഇടപെടലുകളില്ലാതെ താൻ എന്തൊക്കെ പണികള്‍ ഈ നേരങ്ങളിൽ ചെയ്തു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയും അവർ പിന്നീട് പോസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ, ഗബ്രിയേലയുടെ ഈ നടപടിക്ക് സമ്മിശ്ര പ്രതികരണമാണ് ടിക്ടോക്കിൽ ഉണ്ടായത്. ചിലർ അവളുടെ നടപടിയെ വിമർശിച്ചപ്പോൾ മറ്റ് ചിലർ അഭിനന്ദിച്ചു. ഒരാൾ ചോദിച്ചത് കുട്ടികൾക്ക് കളിക്കാൻ ആ വീട്ടിൽ വേറെ ബെഡ്റൂം ഇല്ലേ എന്നാണ്. അതേ സമയം ഇത് ഒരു സ്മാർട്ട് ഐഡിയ തന്നെ എന്നാണ് മറ്റ് ചിലർ കുറിച്ചത്.
അതേ സമയം, തനിക്ക് ഈ ഐഡിയ കിട്ടിയത് മറ്റൊരു ടിക്ടോക്ക് യൂസറായ സ്ത്രീയുടെ അടുത്ത് നിന്നാണ് എന്നാണ് ഗബ്രിയേല പറയുന്നത്.