എന്തുകൊണ്ടെന്ന് അറിയാതെ ദുഖം അനുഭവപ്പെടുകയോ അസ്വസ്ഥത തോന്നുകയോ എല്ലാം ചെയ്യാറുണ്ടോ? പെട്ടെന്ന് ‘മൂഡ്’ മോശമാവുകയും, ചുറ്റുമുള്ളവരെയെല്ലാം ഒഴിവാക്കാനുള്ള ത്വര വരികയും, ഇതോടെ ഉത്പാദനക്ഷമത തന്നെ കുറയുകയും ചെയ്യാറുണ്ടോ? ഇത്തരം പ്രശ്നങ്ങള്‍ പതിവാണെങ്കില്‍ ‘സെറട്ടോണിൻ’ അഥവാ സന്തോഷത്തിന്‍റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണിന്‍റെ കുറവാകാം വില്ലനായി വരുന്നത്.
അങ്ങനെയെങ്കില്‍ ഇത് ഒരളവ് വരെയും ഭക്ഷണത്തിലൂടെ പരിഹരിക്കാൻ സാധിക്കും. ഭക്ഷണത്തിലൂടെ സെറട്ടോണിന്‍ ഉത്പാദനം കൂട്ടുകയാണ് വേണ്ടത്. ചുരുങ്ങിയ സമയത്തിനകം സന്തോഷകരമായ മാനസികാവസ്ഥയുണ്ടാകാനും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയാനും ആകെ ‘മൂഡ്’ മെച്ചപ്പെടാനുമെല്ലാം ഇതിലൂടെ സാധിക്കും. ഇത്തരത്തില്‍ സെറ്ടടോണിൻ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ബദാം: മറ്റ് പല പോഷകങ്ങള്‍ക്കുമൊപ്പം മഗ്നീഷ്യം, ഫോളേറ്റ് എന്നീ ഘടകങ്ങളും ബദാമിലടങ്ങിയിരിക്കുന്നു. ഇവയാണെങ്കില്‍ സെറട്ടോണിൻ ഉത്പാദനം വര്‍ധിപ്പിക്കാൻ സഹായിക്കുന്നതാണ്.
രണ്ട്…
നേന്ത്രപ്പഴം: വളരെ പെട്ടെന്ന് തന്നെ നമ്മുടെ മാനസികാവസ്ഥ മാറ്റാൻ കഴിവുള്ളൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതും സെറട്ടോണിൻ കൂടാൻ തന്നെയാണ് സഹായിക്കുന്നത്.
മൂന്ന്…
എ2 മില്‍ക്ക്: ഇത് കഴിക്കുന്നതും ‘മൂഡ്’ മെച്ചപ്പെടുത്താൻ ഏറെ സഹായകമാണ്. ഇതിലും ട്രിപ്റ്റോഫാൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ സെറട്ടോണിൻ വര്‍ധിപ്പിക്കാൻ ഇതും സഹായിക്കുന്നു.
നാല്…
പൈനാപ്പിള്‍: ട്രിപ്റ്റോഫാൻ കാര്യമായി അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. അതിനാല്‍ തന്നെ ഇവയ്ക്കും സെറട്ടോണിൻ ഉത്പാദനം കൂട്ടാൻ സാധിക്കും.
അഞ്ച്…
സോയ ഉത്പന്നങ്ങള്‍: ടോഫു പോലുള്ള സോയ ഉത്പന്നങ്ങളും സെറട്ടോണിൻ ഉത്പാദനം വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ തന്നെ പെട്ടെന്ന് നമ്മുടെ മാനസികാവസ്ഥ മാറാനും നാം മെച്ചപ്പെടാനും ഇത് സഹായിക്കുന്നു.